കോട്ടയം:കാർഷിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ സി.പി.എം സംഘടിപ്പിച്ചിരിക്കുന്ന ലോങ്ങ് മാർച്ച് ഇരട്ടത്താപ്പെന്ന് കർഷക യൂണിയൻ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം കുറ്റപ്പെടുത്തി.

റബ്ബറിന്റെ വില സ്ഥിരതാഫണ്ട് 200 രൂപയാക്കണമെന്ന ആവശ്യം ദീർഘനാളായി റബർ കർഷകർ ഉന്നയിക്കുന്ന ഒന്നാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാർ നൽകിയിരുന്ന സബ്സിഡി തുക മാസങ്ങളായി കുടിശികയാണ്. ഇത് പോലും നൽകാൻ പിണറായി സർക്കാർ തയ്യാറായിട്ടില്ല. സംവരണേതര വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് കേന്ദ്ര സർക്കാർ നടപ്പിലാക്കിയ 10% സംവരണത്തിൽ രണ്ട് ഹെക്ടർ കൃഷിഭൂമിയുള്ള വാർഷിക വരുമാനം 8 ലക്ഷം വരെയുള്ള കർഷകരെയാണ് ഉൾപ്പെടുത്താൻ തീരുമാനിച്ചിരുന്നത്. സംസ്ഥാന സർക്കാർ ഈ മാനദണ്ഡം ഭേദഗതി വരുത്തി രണ്ട് ഹെക്ടർ എന്നുള്ളത് ഒരു ഹെക്ടർ ആക്കി ചുരുക്കി വാർഷികവരുമാനം 4 ലക്ഷമാക്കി പരിമിതപ്പെടുത്തി. സി. പി.എം സംഘടിപ്പിക്കുന്ന കർഷക സമരത്തിന് ആത്മാർത്ഥതയുണ്ടെങ്കിൽ റബർ വില സ്ഥിരത പദ്ധതിയുടെ കുടിശികയും സാമ്പത്തിക സംവരണത്തിലെ കർഷകവിരുദ്ധ ഭേദഗതിയും ഒഴിവാക്കണം.അതല്ലാതെ കർഷകരുടെ കണ്ണിൽ പൊടിയിടാൻ നടത്തുന്ന സമരം അപഹാസ്യമായി മാറുമെന്നും കർഷക യൂണിയൻ കുറ്റപ്പെടുത്തി സംസ്ഥാന പ്രസിഡൻറ് റെജി കുന്നംകോട്ട് അദ്ധ്യക്ഷത വഹിച്ചു. കെ പി ജോസഫ്, ജോൺ പുളിക്കപറമ്പിൽ, സാം ഈപ്പൻ, പോത്തച്ചൻ തോട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.