പൊൻകുന്നം: പഴുത്തുതുടുത്ത ചാമ്പക്ക പാത്രത്തിൽ നിന്ന് എടുത്തപ്പോൾ മുൻ ഉപപ്രധാനമന്ത്രി എൽ.കെ.അദ്വാനിക്ക് കൗതുകം. ചുവപ്പൻ ചാമ്പക്ക ഒടിച്ചെടുത്ത് രുചിച്ചു. ഇഷ്ടപ്പെട്ടതോടെ പാത്രത്തിൽ നിന്ന് കുറച്ചെടുത്ത് കഴിച്ചു. പിന്നാലെ ഇഞ്ചിയിട്ട്, കുളർപ്പിച്ച നാരങ്ങ വെള്ളംകൂടിയായതോടെ ചൂടും ശമിച്ചു.. പിന്നെയായിരുന്നു പായസംകൂട്ടിയുള്ള സദ്യ. മനസ് നിറഞ്ഞ് സദ്യകഴിച്ച അദ്വാനി ഒടുവിൽ ഒരു ചപ്പാത്തി ചോദിച്ചും വാങ്ങി.

തേക്കടിയിൽ ഒഴിവുകാല വിശ്രമത്തിന് പോകുന്ന വഴിക്കാണ് അദ്വാനി എലിക്കുളത്ത് റിസോർട്ടിൽ എത്തിയത്. നെടുമ്പാശേരിയിൽ നിന്ന് ഇന്നലെ ഉച്ചക്ക് 12.20ന് എത്തിയ അദ്വാനിക്കൊപ്പം മകൾ പ്രതിഭയും ഉണ്ടായിരുന്നു. മടുക്കക്കുന്നിലെ എസ്റ്റേറ്റ് ഹോം സ്റ്റേയിൽ സി.ജി.എച്ച്.എർത്ത് ഗ്രൂപ്പ് ഉടമ കൂടിയായ ജോസ് ഡൊമിനിക് കുരുവിനാക്കുന്നേൽ, ഭാര്യ അനിത എന്നിവർ ചേർന്ന് സ്വീകരിച്ചു. പഴുത്ത് പാകമായ നാടൻ ചാമ്പയ്ക്കയും നാരങ്ങാ വെള്ളവും നൽകി. ഒരു മണിയോടെയാണ് ഉച്ചഭക്ഷണം കഴിച്ചത്. കേരളീയ വിഭവങ്ങൾ മതിയെന്ന് അദ്വാനി അറിയിച്ചതിനാൽ അവിയലും തോരനും പായസവും അടക്കമുള്ള വിഭവങ്ങൾ മാനേജർ പി.എ.ദേവസ്യയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരുന്നു. ഭക്ഷണത്തിന് ശേഷം അരമണിക്കൂറോളം വിശ്രമിച്ചശേഷമാണ് അദ്ദേഹം യാത്ര തുടർന്നത്. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരി, ആർ.എസ്.എസ്.വിഭാഗ് ശാരീരിക പ്രമുഖ് ആർ.കണ്ണൻ, മണ്ഡലം പ്രസിഡന്റ് ആർ.രഞ്ജിത്ത് എന്നിവർ സ്വീകരിച്ചു.