പാലാ: തിരുളാലത്തപ്പന് തിരുവാതിരപ്പുഴുക്ക് നേദിക്കാൻ എട്ടങ്ങാടിയുമായി പാലാ ടൗൺ എസ്. എൻ. ഡി. പി. ശാഖാ നടത്തിയ പൂത്താല ഘോഷയാത്ര ഭക്തിനിർഭരമായി.
പാലാ ളാലം പാലം ജംഗ്ഷനിൽ നിന്നും അഞ്ചരയോടെയാണ് എട്ടങ്ങാടി പൂത്താലം ഘോഷയാത്ര ആരംഭിച്ചത്. ടൗൺ ശാഖാ നേതാക്കളായ പി.ജി. അനിൽകുമാർ, ബിന്ദു മനത്താനം എന്നിവരുടെ നേതൃത്വത്തിൽ ഗുരുദേവ, സഹോദരനയ്യപ്പൻ, ഡോക്ടർ പൽപ്പു, ഗുരുകൃപ കുടുംബ യൂണിറ്റുകളിൽ നിന്നായി നൂറിൽപ്പരം പേർ പൂത്താലവുമായി അണിനിരന്നു. ഘോഷയാത്രക്ക് വാദ്യമേളങ്ങൾ അകമ്പടിയായി. പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ എട്ടങ്ങാടി വസ്തുക്കൾ നിറച്ചിരുന്നു.
ക്ഷേത്രോപദേശക സമിതി നേതാക്കളായ പുത്തൂർ പരമേശ്വരൻ നായർ, അഡ്വ. രാജേഷ് പല്ലാട്ട്, പി.ആർ. നാരായണൻകുട്ടി അരുൺ നിവാസ് , ഉണ്ണി അശോക , ശ്രീകുമാർ കളരിക്കൽ, മാതൃസമിതി പ്രസിഡന്റ് ടി. ഐ. ലീല എന്നിവർ ചേർന്ന് എട്ടങ്ങാടി ഘോഷയാത്രയെ സ്വീകരിച്ച് ക്ഷേത്രാങ്കണത്തിലേക്ക് ആനയിച്ചു. ക്ഷേത്രത്തിന് ഒന്ന് വലം വെച്ച് ശാഖാ പ്രവർത്തകർ എട്ടങ്ങാടി വിഭവങ്ങൾ തിരുനടയിൽ സമർപ്പിപ്പിച്ചു .എട്ടങ്ങാടി സമർപ്പിച്ച ടൗൺ ശാഖാ പ്രവർത്തകർക്ക്, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പുത്തൂർ പരമേശ്വരൻ നായർ നന്ദി പറഞ്ഞു. ക്ഷേത്രത്തിൽ ദീപാരാധനയും ചുറ്റുവിളക്കും നടന്നു. ടൗൺ ശാഖയിൽ നിന്ന് സമർപ്പിച്ച വിഭവങ്ങൾ ഉൾക്കൊള്ളിച്ചുള്ള എട്ടങ്ങാടി നിവേദ്യം ആറാട്ട് നാളായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ ഭക്തർക്ക് വിതരണം ചെയ്യും. ഏട്ടങ്ങാടി പൂത്താലം ഘോഷയാത്ര വിജയിപ്പിച്ച ഓരോ ശാഖാംഗങ്ങൾക്കും, സ്വീകരണം നൽകിയ ക്ഷേത്രോപദേശക സമിതി ഭാരവാഹികൾക്കും പാലാ ടൗൺ ശാഖാ പ്രസിഡന്റ് പി. ജി. അനിൽകുമാർ, വൈസ് പ്രസിഡന്റ് പി. ആർ. നാരായണൻകുട്ടി അരുൺ നിവാസ് , സെക്രട്ടറി ബിന്ദു മനത്താനം എന്നിവർ നന്ദി രേഖപ്പെടുത്തി.