rd

ചങ്ങനാശേരി: ജനറൽ ആശുപത്രി റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായി. നൂറു കണക്കിന് രോഗികൾ ദിനംപ്രതി കടന്നുപോകുന്ന ഈ റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. ഈ വഴിയിലൂടെ പോയാൽ രോഗമില്ലാത്തവരും രോഗികളാകുന്ന അവസ്ഥയാണെന്ന് യാത്രക്കാർ പറയുന്നു. എം.സി റോഡിൽ നിന്നും ആശുപത്രിയിലേക്ക് പ്രവേശിക്കാനുള്ള ഏക പ്രവേശന മാർഗമാണിത്. എന്നാൽ തകർന്നുകിടക്കുന്ന ഈ റോഡിലൂടെ ഗർഭിണികളടക്കമുള്ളവരുടെ യാത്ര ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്ന സംഭവങ്ങളും ഇവിടെയുണ്ടായിട്ടുണ്ട്. താരതമ്യേന വീതി കുറഞ്ഞ ഇവിടെ അനധികൃത പാർക്കിംഗ് രൂക്ഷമാണെന്നും പരാതിയുണ്ട്. ഈ വെല്ലുവിളികൾ അതിജീവിച്ചാണ് രോഗികളുൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തുന്നത്. ഇതിനോടൊപ്പം റോഡ് തകർന്നത് യാത്ര ദുസഹമാക്കുന്നു. റോഡിന്റെ ശോചനീയാവസ്ഥ അടിയന്തിരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.