പാലാ: രാമപുരം റൂട്ടിൽ മുണ്ടുപാലത്ത് റോഡിനു നടുവിൽ ഗർത്തങ്ങൾ ഉണ്ടായത് റോഡിനിടയിലെ പൈപ്പുകൾ പൊട്ടി വെള്ളമൊഴുകിയതിനെ തുടർന്നാണെന്ന് ഇന്നലെ പി. ഡബ്ലൂ.ഡി. റോഡ്‌സ് വിഭാഗം എൻജിനീയർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തി.

' വീഴരുത് വാരിക്കുഴിയിൽ ' എന്ന തലക്കെട്ടിൽ മുണ്ടുപാലത്ത് റോഡിലുള്ള വലിയ കുഴികളെപ്പറ്റി ' കേരള കൗമുദി ' ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് പി.ഡബ്ലൂ.ഡി. ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയത്. വിവരം അടിയന്തിരമായി വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്ന് പി.ഡബ്ലൂ.ഡി. അധികാരികൾ പറഞ്ഞു. ഇതേ തുടർന്ന് ഇന്നലെ വൈകിട്ടോടെ പാലാ വാട്ടർ അതോറിട്ടി അസി. എൻജിനീയർ ദീപക്കും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പൈപ്പ് ജോയിന്റിലെ ലെഡ്ഡ് പൊട്ടിയാണ് ചോർച്ചയുണ്ടായതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. ഇതു മൂലം വെള്ളം കുത്തിയൊഴുകിയാണ് റോഡിൽ കുഴിയുണ്ടായത്. കാലപ്പഴക്കത്താലാണ് പൈപ്പുകൾ പൊട്ടിയതെന്നും കണ്ടെത്തിയിട്ടുണ്ട്. പൊട്ടിയ പൈപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള പണികൾ ഇന്ന് രാവിലെ തുടങ്ങുമെന്ന് വാട്ടർ അതോറിട്ടി അധികാരികൾ അറിയിച്ചു.

വാട്ടർ അതോറിട്ടിക്കാർ പൈപ്പുകൾ നന്നാക്കി കുഴി മൂടിയാലുടൻ റോഡിലെ അറ്റകുറ്റപ്പണികൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് പി.ഡബ്ലൂ.ഡി. ഒരു മാസം മുമ്പ് പാലാ ജൂബിലി തിരുന്നാളിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തി ഇവിടുത്തെ കുഴികൾ അടച്ചതാണ്. 30 ദിവസം തികയും മുമ്പേ , പഴയതിനേക്കാൾ വലിയ കുഴികൾ ഇവിടെ രൂപപ്പെട്ടത് വിവാദമായിരുന്നു. എന്നാൽ അധികാരികൾ ഇന്നലെ നടത്തിയ വിശദമായ പരിശോധനയിലാണ് സംഭവത്തിലെ യഥാർത്ഥ ' വില്ലൻ ' വാട്ടർ അതോറിട്ടിയാണെന്ന് കണ്ടെത്തിയത്. ഇതേ തുടർന്നാണ് റോഡ് എത്രയും വേഗം നന്നാക്കാനുള്ള നടപടികളുണ്ടായതും. റോഡിലെ അപകടക്കുഴി വാർത്തയാക്കിയ 'കേരളകൗമുദി"യെ കെ.ടി.യു.സി. എം. പാലാ നിയോജക മണ്ഡലം പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അഭിനന്ദിച്ചു.