പാലാ: വികസന വഴിയിൽ 'കെ.എം. മാണി"യുടെ അവസാന ഓർമ്മയടയാളമായി പുതിയ കാത്തിരിപ്പ് കേന്ദ്രം ഉയർന്നു. പാലാ ടൗൺ സ്റ്റാൻഡിലെ തകർന്ന കാത്തിരിപ്പ് കേന്ദ്രത്തിന്റെ സ്ഥാനത്താണ് 15 ലക്ഷത്തോളം രൂപാ ചെലവഴിച്ച് പുതിയ കാത്തിരിപ്പ് കേന്ദ്രം പണിതുയർത്തിയിട്ടുള്ളത്. പാലായുടെ പ്രിയപ്പെട്ട 'മാണിസാറിന്റെ ' ഓർമ്മ ത്തണലിൽ ഇനി യാത്രക്കാർക്ക് വെയിലും മഴയും ഏൽക്കാതെ നിൽക്കാം. തന്റെ ആസ്തി വികസന ഫണ്ടിൽപ്പെടുത്തി അവസാന കാലഘട്ടത്തിലാണ് ഈ വികസന പദ്ധതികൾക്ക് കെ.എം. മാണി തുടക്കം കുറിച്ചത്. അത് പൂർത്തിയാകും മുമ്പേ അദ്ദേഹം വിട പറഞ്ഞു. നഗരസഭാ വക ടൗൺബസ് സ്റ്റാൻഡിലുണ്ടായിരുന്ന പഴയ വെയിറ്റിംഗ് രണ്ടു വർഷം മുമ്പ് കെ.എസ്. ആർ.ടി.സി. ബസ്സിടിച്ച് തകരുകയായിരുന്നു. ഇതേ തുടർന്ന് സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ ഇവിടെ മഴയും വെയിലേറ്റാണ് ബസ് കാത്തു നിന്നിരുന്നത്.
പാലാ പി.ഡബ്ലൂ.ഡി. റോഡ്‌സ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ ഷാജീവ്, അസി. എൻജിനീയർ രൂപേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നൂ നിർമ്മാണം. ഇരിപ്പിടങ്ങൾ ഒരുക്കി, അത്യാവശ്യ നിർമ്മാണ ജോലികൾ കൂടി പൂർത്തിയാക്കി എത്രയും വേഗം വെയിറ്റിംഗ് ഷെഡ്ഡ് യാത്രക്കാർക്ക് വേണ്ടി തുറന്നുകൊടുക്കാനുള്ള പരിശ്രമത്തിലാണ് പി.ഡബ്ലൂ.ഡി. അധികൃതർ. നിർമ്മാണ പുരോഗതി വിലയിരുത്താൻ ജോസ്. കെ. മാണി എം. പി, പാലാ നഗരസഭാ ചെയർപേഴ്‌സൺ മേരി ഡൊമിനിക്ക്, മുൻ ചെയർപേഴ്‌സണും ടൗൺ വാർഡ് കൗൺസിലറുമായ ബിജി ജോജോ എന്നിവർ ബസ് സ്റ്റാൻഡിലെത്തിയിരുന്നു. വൈക്കം, കോട്ടയം, രാമപുരം, ഉഴവൂർ മേഖലകളിലേക്കുള്ള യാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും പുതിയ വെയിറ്റിംഗ് ഷെഡ്ഡ്. പുതിയ വെയിറ്റിംഗ് ഷെഡ്ഡിന്റെ ഉദ്ഘാടന വേളയിൽ കെ.എം. മാണിയുടെ ഛായാചിത്രം ഇവിടെ സ്ഥാപിക്കാനുമൊരുങ്ങുകയാണ് പാലാ നഗരസഭയും പാസഞ്ചേഴ്‌സ് അസോസിയേഷനും.