പാമ്പാടി: ചരിത്രപ്രസിദ്ധമായ പാമ്പാടി ശിവദർശന മഹാദേവ ക്ഷേത്രത്തിൽ ഉത്സവം ഇന്ന് ആറാട്ടാടെ കൊടിയിറങ്ങും. ശ്രീനാരായണ ഗുരുദേവന്റെ പാദസ്പർശത്താൽ പുണ്യഭൂമിയായ പാമ്പാടിയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രാദേശിക ചരിത്രത്തിലെ നാഴികക്കല്ലായാണ് ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനത്തെ നാട്ടുകാർ വിലയിരുത്തുന്നത്. വത്സലശിഷ്യനെയും ക്ഷേത്രസ്ഥാപനത്തിന് കാരണഭൂതനായ മഞ്ഞാടിയിൽ വല്യച്ചനെയും നേരിട്ട് സന്ദർശിക്കുകയായിരുന്നു ഗുരുവിന്റെ യാത്രാലക്ഷ്യം. അവർണർക്ക് ക്ഷേത്രപ്രവേശനം നിരാകരിച്ച കാലഘട്ടത്തിലാണ് ശിവദർശനക്ഷേത്രം സ്ഥാപിക്കുകയും ഉത്സവം നടത്തുകയും ചെയ്തത് . പിൽക്കാലത്തു ക്ഷേത്രത്തിൽ പൂജാരിമാരില്ലായെന്ന് ഗുരുസമക്ഷം പരാതി എത്തിയപ്പോൾ ശിഷ്യനായ ശ്രീനാരായണ തീർത്ഥർ സ്വാമിയെ ഇവിടേക്ക് അയക്കുകയും ചെയ്തു. 2006 നവംബർ 10ന് പറവൂർ ശ്രീധരൻ തന്ത്രിയുടെ കാർമികത്വത്തിൽ ഷഡാധാര പ്രതിഷ്ഠ നടത്തി. ദേശത്തിന്റെ മഹോത്സവമായാണ് ശിവദർശന ദേവസ്വം ട്രസ്റ്റ് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടുന്നത്. ഇന്ന് തിരുവാതിരനാളിൽ ആറാടി വരുന്ന മഹേശ്വരനെ മുത്തുക്കുടകളുടെയും തലപൊലിയുടേയും അകമ്പടിയോടെ മംഗളവാദ്യം മുഴക്കി വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഭക്തർ.
ഇന്ന് രാവിലെ 4.30ന് നിർമാല്യദർശനത്തോടെ ആറാട്ട് ഉത്സവത്തിന് തുടക്കമാകും. 5.30ന് ഗണപതിഹോമം, 6.15ന് ഗുരുപൂജ, 7ന് കലശാഭിഷേകം, 8ന് പന്തീരടിപൂജ, ശ്രീഭൂതബലി, വിശേഷാൽ കാഴ്ചശ്രീബലി, 8.30ന് സമ്പൂർണ നാരായണീയ പാരായണം, ഉച്ചക്ക് 1ന് ആറാട്ട് പുറപ്പാട് സദ്യ, വൈകിട്ട് 2.30ന് ആറാട്ട് പുറപ്പാട്, 6ന് ആറാട്ട്, തുടർന്ന് തിരിച്ചെഴുന്നിപ്പ് ആരംഭിക്കും. ആലാംപള്ളി എൻ.എസ്.എസ് ആഡിറ്റോറിയം ജംഗ്ഷൻ മുതൽ വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി 11ന് ക്ഷേത്രകവാടത്തിൽ എത്തിച്ചേരുന്ന എഴുന്നള്ളിപ്പിനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേൽക്കും.