ചിങ്ങവനം: പാത്താമുട്ടത്ത് ബി.ജെ.പി -സി.പി.എം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്ക്. കഴിഞ്ഞ രാത്രി പതിനൊന്നോടെയാണ് സംഭവം. ബി.ജെ.പി പ്രവർത്തകൻ മാളികക്കടവ് തേക്കനാൽ കൊല്ലംപറമ്പിൽ മണിക്കുട്ടൻ, അയൽവാസിയും സി..പി.എംകാരനുമായ മോഹനൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവാഴ്ച ഉച്ചയോടെ മോഹനനും മണിക്കുട്ടനും തമ്മിൽ വാക്ക് തർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് രാത്രിയിൽ സംഘർഷം ഉണ്ടായത്. ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണിക്കുട്ടന്റെ വീട് കയറി ആക്രമിക്കുകയായിരുന്നു എന്ന് ബി.ജെ.പി ആരോപിച്ചു. സംഘർഷത്തെ തുടർന്ന് ചിങ്ങവനം പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്തു സ്ഥിതിഗതികൾ ശാന്തമാക്കി. സംഭവത്തിൽ ഇരു കൂട്ടർക്കും എതിരെ കേസെടുത്തതായി ചിങ്ങവനം പൊലീസ് അറിയിച്ചു.