അടിമാലി: മൂന്ന് വ്യത്യസ്ഥ വാഹനാപകടങ്ങളിൽ നാല് പേർക്ക് പരിക്ക്. ഇടമലക്കുടി സൊസൈറ്റിക്കുടിക്ക് സമീപം ജീപ്പ് നിയന്ത്രണം വിട്ട് പാതയോരത്തേത്ത് മറിഞ്ഞുണ്ടായ അപകടത്തിൽ ഇടമലക്കുടി ഇരുപ്പുകല്ലുകുടി പൂവലിംഗ(38)ത്തിന് പരിക്കേറ്റു. അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകിയശേഷം വിദഗ്ധ ചികത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി.പൂവലിംഗവും വാഹനത്തിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും മൂന്നാറിൽ നിന്നും അരിയും മറ്റ് സാധനങ്ങളും വാങ്ങി ഇടമലക്കുടിയിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട ഉടനെ പൂവലിംഗം വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടിയതോടെ ജീപ്പിനടിയിൽ അകപ്പെടുകയുമായിരുന്നു. കാലുകൾക്ക് ഗുരുതരപരിക്ക് സംഭവിച്ചു.വാഹനത്തിൽ ഉണ്ടായിരുന്ന മറ്റാളുകൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ആനക്കുളം തൊണ്ണൂറ്റാറിന് സമീപമാണ് മറ്റൊരപകടം.തൊണ്ണൂറ്റാറിൽ നിന്നും ആനക്കുളത്തിന് പോകുകയായിരുന്ന സ്‌കൂട്ടർ എതിരെവന്ന ജീപ്പിലിടിച്ചതാണ് അപകടം.സംഭവത്തിൽ സ്‌കൂട്ടർ യാത്രികരായ കുരിശുപാറ സ്വദേശി ആറ്റുകാലേൽ വീട്ടിൽ സിബി (45) സഹോദരി ലിന്റു (32) എന്നിവർക്ക് പരിക്കേറ്റു.ഇരുവരേയും അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികത്സ നൽകിയ ശേഷം തുടർ ചികത്സക്കായി കൊണ്ടു പോയി.തോപ്രാംകുടിക്ക് സമീപം ഉണ്ടായ മറ്റൊരു അപകടത്തിൽ ബൈക്ക് യാത്രികനായ നെല്ലിക്കൽ വീട്ടിൽ അമലി(20)നും പരിക്കേറ്റു.