കോട്ടയം: എറണാകുളത്ത് പൊതുനിരത്തിൽ കുഴിമാന്തി വച്ച് യുവാവിനെ വീഴ്ത്തിയിട്ടും വാട്ടർ അതോറിട്ടി പാഠം പാഠിക്കുന്നില്ല. കോട്ടയത്തുമുണ്ട് അതോറിട്ടിയുടെ വക വലിയൊരു ചതിക്കുഴി. കോട്ടയം ചന്തക്കടവിലാണ് കഴിഞ്ഞ ആറ് മാസത്തിലേറെയായി തുറന്നിട്ട കുഴി മൂടാതെ കിടിക്കുന്നത്. ചന്തക്കടവിൽ നിന്ന് ടി.ബി. റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലെ കശുമാവിൻ ചുവട്ടിലാണ് ദുരന്തം പതിയിരിക്കുന്നത്. ഇവിടെ ഇരുദിശയിൽ നിന്നും ഒരേസമയം വാഹനങ്ങളെത്തിയാൽ ഏതെങ്കിലുമൊന്ന് കുഴിയിൽ വീഴുമെന്ന് ഉറപ്പാണ്. വാഹനയാത്രക്കാർ മാത്രമല്ല, റോഡിന്റെ അരികിലൂടെ നടന്നുവരുന്നവരും അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. ഇതുവരെ ആരും വീഴാത്തത് ഡ്രൈവർമാരുടെ മിടുക്കുകൊണ്ട് മാത്രമാകാം. താരതമ്യേന തിരക്ക് കുറഞ്ഞ സ്ഥലമായതുകൊണ്ട് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി കടന്നുപോകാൻ വാഹനം നിറുത്തിക്കൊടുക്കാനുള്ള മര്യാദ ഡ്രൈവർമാരും പുലർത്താറുണ്ട്. ടാറിംഗിലെ വെള്ളവര മുറിച്ച് കുഴിയെടുത്തിട്ടും പൊതുമരാമത്ത് വകുപ്പും അറിഞ്ഞഭാവം നടിക്കുന്നില്ല. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പൈപ്പ് സ്ഥാപിക്കുന്നതിനൊ നിലവിലുള്ള പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നതിനൊ പൊതുനിരത്തുകൾ വെട്ടിപ്പൊളിക്കേണ്ടി വന്നാൽ നിശ്ചിത സമയത്തിനകം പൂർവസ്ഥിതിയിലാക്കി നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ അധികൃതരുടെ ശ്രദ്ധ പതിയാത്ത സ്ഥലങ്ങളിൽ ഇത്തരം വ്യവസ്ഥകൾക്കൊന്നും യാതൊരു പ്രസക്തിയുമില്ല. അതിന്റെ ഉദാഹരണമാണ് ചന്തക്കടവിലെ ചതിക്കുഴി.
മരച്ചുവട്ടിൽ പൈപ്പുപൊട്ടി നിരന്തരം വെള്ളം പാഴാകുന്നത് ഒഴിവാക്കാനുള്ള അറ്റകുറ്റപ്പണിക്കുവേണ്ടി നിർമിച്ച കുഴി പൂർവസ്ഥിതിയിൽ പുനസ്ഥാപിക്കാത്തതാണ് പ്രശ്നം. റോഡിന്റെ ഓരത്താണ് കുഴി എന്നതിനാൽ അധികമാരും ശ്രദ്ധിക്കാറില്ല.