കോട്ടയം: പാരമ്പര്യത്തിന്റെ കൊടിയടയാളവും വഹിച്ചുകൊണ്ടുള്ള ആലങ്ങാട് സംഘത്തിന്റെ പേട്ടപുറപ്പാടിന് കോട്ടയം തിരുനക്കര മഹാദേവക്ഷേത്രാങ്കണത്തിൽ ഭക്തിനിർഭരമായ വരവേൽപ്പ് നൽകി. കഴിഞ്ഞ വെള്ളിയാഴ്ച ആലങ്ങാട് ചെമ്പോലക്കളരിയിൽ നിന്ന് പുറപ്പെട്ട രഥഘോഷയാത്രയാണ് ഇന്നലെ വൈകിട്ട് കോട്ടയത്ത് എത്തിയത്. മറവപ്പടയുമായുള്ള യുദ്ധത്തിനിടെ തന്റെ യോദ്ധാക്കളായിരുന്ന ആലങ്ങാട് സംഘത്തെ തിരിച്ചറിയാൻ അയ്യപ്പൻ നൽകിയ കൊടിക്കൂറയും ഗോളകയുമാണ് ഇന്നും തലമുറകൾ കൈമാറി ഇവർ സൂക്ഷിക്കുന്നത്. എല്ലാവർഷവും എരുമേലിയിൽ നടക്കുന്ന പേട്ടതുള്ളലിൽ ആലങ്ങാട് സംഘം ഉപയഗിക്കുന്നതും ഈ കൊടിക്കൂറയാണ്. ഇന്നലെ വൈകിട്ട് തിരുനക്കര മഹാദേവക്ഷേത്രാങ്കണത്തിൽ പാനകപൂജയും നടത്തി.
ആലുവ മണപ്പുറത്തുനിന്നും പ്രയാണമാരംഭിച്ച് കുട്ടമശേരി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാറമ്പള്ളി കീഴ് തൃക്കോവിൽ, പൊതിയിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കുഴുപ്പള്ളിക്കാട് ഭഗവതിക്ഷേത്രം, കുറ്റിക്കാട് മഹാദേവക്ഷേത്രം, മാതിരപ്പള്ളി മഹാഗണപതിക്ഷേത്രം, മോനിപ്പള്ളി ഭഗവതിക്ഷേത്രം, ആനിക്കാട് മൂഴയിൽ ശങ്കരനാരായണ ക്ഷേത്രം, ഏറ്റുമാനൂർ ശ്രീമഹാദേവക്ഷേത്രം തുടങ്ങി വിവിധ പുണ്യസങ്കേതങ്ങളിൽ പര്യടനം നടത്തിയാണ് രഥയാത്ര കോട്ടയത്ത് എത്തിയത്. ഇന്നുരാവിലെ പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രത്തിൽ സ്വീകരണം നൽകും. തുടർന്ന് മറിയപ്പള്ളി, പാക്കിൽ, ഉദിക്കാമല, പുതുപ്പള്ളി, വെണ്ണിമല, കിടങ്ങൂർ, മണർകാട്, കടപ്പാട്ടൂർ ക്ഷേത്രങ്ങൾ സന്ദർശിച്ച് 10ന് രാത്രിയിൽ എരുമേലിയിൽ എത്തിച്ചേരും. 11ന് എരുമേലിയിൽ പാനകപൂജയും 12ന് ഉച്ചക്ക് ശേഷം 3ന് പേട്ടതുള്ളലും നടക്കും. ആലങ്ങാട് സംഘം ഇതാദ്യമായണ് രഥയാത്ര നടത്തി പേട്ടതുള്ളലിന് എത്തുന്നത്. സമൂഹപെരിയോൻ കുന്നുകര രാജപ്പൻ നായർ, വെളിച്ചപ്പാടുകളായ കാമ്പള്ളി ശങ്കരൻ വേണുഗോപാൽ, സുരേഷ് സ്വാമി കുറ്റിപ്പുഴ, വിനോദ് ചന്ദ്രത്തിൽ, പൂജാരി മോഹനചന്ദ്രൻ കുന്നുകര എന്നിവരും രഥയാത്രയെ അനുഗമിക്കുന്നുണ്ട്. രഥഘോഷയാത്ര കൺവീനർ അനൂപ് ദേശം, കെ. ഗോപാലകൃഷ്ണൻ നായർ, ഗിരിജവല്ലഭൻ, രാജേഷ്, അനൂപ് ഏലൂർ, മോഹനൻ സ്വാമി, പീതാംമ്പരൻ സ്വാമി എന്നിവരാണ് നേതൃത്വം നൽകുന്നത്.