വൈക്കം: ദുരന്തങ്ങൾ തുടർക്കഥ. നടുക്കം വിട്ടുമാറാതെ വൈക്കം. ചൊവ്വാഴ്ച പുലർച്ചെ ഒരു കുടുംബത്തിലെ നാല് പേരുടെ മരണത്തിനിടയാക്കിയ അപകടവാർത്ത കേട്ടാണ് നഗരം ഉണർന്നത്. ക്ഷേത്ര ദർശനത്തിന് ചേർത്തല വേളോർവട്ടത്തേക്ക് പോയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. ഉദയംപേരൂർ പത്താംമൈൽ മനയ്ക്കപ്പറമ്പിൽ വിശ്വനാഥൻ (62), ഭാര്യ ഗിരിജ (57), മകൻ സൂരജ് (32) വിശ്വനാഥന്റെ സഹോദരൻ സതീശന്റെ ഭാര്യ അജിത (49) എന്നിവരാണ് മരിച്ചത്. രാവിലെ 5. 50 ഓടെ വൈക്കം വെച്ചൂർ റോഡിൽ ചേരുംചുവട് പാലത്തിന് സമീപമാണ് അപകടമുണ്ടായത്.
വിശ്വനാഥനും കുടുംബവും സഞ്ചരിച്ചിരുന്ന കാറും, ഉല്ലലയിൽ നിന്ന് രാവിലെ വൈക്കം വൈറ്റില ഹബ് സർവീസ് നടത്തുന്നതിനായി ബസ് സ്റ്റാന്റിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായിട്ടാണ് കൂട്ടിയിടിച്ചത്. കാറിലുണ്ടായിരുന്ന നാല് പേരും സംഭവസ്ഥലത്ത് മരിച്ചു. പാലം ഇറങ്ങി റോഡിലേക്ക് വന്ന കാറിന് മുകളിലേക്ക് ബസ് പാഞ്ഞ് കയറുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് ഏറെ പണിപ്പെട്ടാണ് ബസിനടിയിലെ കാറിൽ നിന്ന് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. ദുരന്ത ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ മലയാളി ഉള്ളിടത്തെല്ലാം നിമിഷങ്ങൾക്കുള്ളിൽ എത്തി. വൈക്കത്തുകാരായ എല്ലാവർക്കും തന്നെ ദൂരെ ദേശത്തുള്ള ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അപകടത്തിന്റെ വിശദ വിവരങ്ങളറിയാൻ ഫോൺ കോളുകൾ വന്നുകൊണ്ടിരുന്നു. വൈക്കത്തെ എറണാകുളം ജില്ലയുമായി വേർതിരിക്കുന്ന അതിർത്തിക്ക് തൊട്ടപ്പുറത്തുള്ളവരാണ് മരിച്ചവർ. വിശ്വനാഥന്റെകുടുംബത്തിൽ ജീവനോടെ അവശേഷിക്കുന്ന മകൾ അഞ്ജു വൈക്കത്താണുള്ളത്. വേറെയും ഒരുപാട് ബന്ധുക്കൾ, സുഹൃത്തുക്കൾ. വിശ്വനാഥനും കുടുംബത്തിനും യാത്രാമൊഴിയേകിയ ഉദയംപേരൂരിനൊപ്പം വൈക്കവും തേങ്ങി. ആ ദുരന്തത്തിന്റെ നടുക്കത്തിൽ നിന്ന് മോചനം നേടും മുൻപാണ് ഇന്നലെ ഉച്ചയോടെ അടുത്ത അപകടവാർത്തയെത്തുന്നത്. നാട്ടുകാർക്ക് സുപരിചിതനായ ഉദയനാപുരം കച്ചേരിത്തറയിൽ കെ. വി ഗോപി (70) കെ എസ് ആർ ടി സി ബസിടിച്ച് മരിച്ചെന്ന വാർത്തതയായിരുന്നു അത്. 12 മണിയോടെയായിരുന്നു അപകടം. കണിയാംതോടിന് സമാന്തരമായുള്ള നാടുവഴിയിലൂടെ സൈക്കിളിൽ പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോഴാണ് ശബരിമല തീർത്ഥാടകരുമായി എറണാകുളത്തേക്ക് പോവുകയായിരുന്ന ബസിന് മുന്നിൽ പെട്ടത്.