എരുമേലി : മതമൈത്രിയുടെ സന്ദേശം വിളിച്ചോതി എരുമേലി പേട്ടതുള്ളൽ 12 ന് നടക്കും. 11 നാണ് പ്രസിദ്ധമായ ചന്ദനക്കുട ഉത്സവം. പേട്ടതുള്ളലിന് ഐക്യദാർഢ്യമായാണ് ചന്ദനക്കുടം ആഘോഷിക്കുന്നത്. ചന്ദനക്കുട ഘോഷയാത്രയ്ക്ക് എരുമേലി ധർമശാസ്താ ക്ഷേത്രത്തിലും പേട്ട ധർമശാസ്താ ക്ഷേത്രത്തിലും സ്വീകരണം നൽകും. നെറ്റിപ്പട്ടമണിഞ്ഞ ആനകളും വിവിധ വാദ്യമേളവും കലാരൂപങ്ങളും പകിട്ടേകുന്ന ചന്ദനക്കുട ഘോഷയാത്രയ്ക്ക് അകമ്പടിയേകും. വാവരുസ്വാമിയും അയ്യപ്പ സ്വാമിയും തമ്മിലുള്ള ദൃഢബന്ധത്തിന്റെ ഓർമ നിറയുന്ന ചന്ദനക്കുടം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. മഹിഷീ നിഗ്രഹ സ്മരണ നിറയുന്ന പേട്ടതുള്ളൽ അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ നേതൃത്വത്തിലാണ്. . ആകാശത്ത് ശ്രീകൃഷ്ണപ്പരുന്ത് പ്രത്യക്ഷപ്പെടുമ്പോൾ അമ്പലപ്പുഴ സംഘത്തിന്റെ തുള്ളൽ ആരംഭിക്കും.കൊച്ചമ്പലത്തിൽ നിന്നു നൈനാർ മസ്ജിദിലേക്ക് പ്രവേശിക്കുന്ന സംഘത്തെ ജമാ അത്ത് ഭാരവാഹികൾ പുഷ്പ വൃഷ്ടിയോടെ സ്വീകരിക്കും. പിന്നീടു വാവരുസ്വാമിയുടെ പ്രതിനിധിക്കൊപ്പം സംഘം വലിയമ്പലത്തിലേക്ക് പേട്ടതുള്ളും.ഉച്ചകഴിഞ്ഞ് മാനത്ത് വെള്ളിനക്ഷത്രം കാണുമ്പോൾ ആലങ്ങാടിന്റെ തുള്ളൽ ആരംഭിക്കും.
അമ്പലപ്പുഴ സംഘം യാത്ര തിരിച്ചു
എരുമേലി പേട്ടതുള്ളലിനുള്ള അമ്പലപ്പുഴ സംഘം ഇന്നലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് യാത്രതിരിച്ചു. വട്ടമിട്ടു പറന്ന കൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കിയായിരുന്നു യാത്ര തുടങ്ങിയത്. കിഴക്കേനടയിൽ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ജി. ഗോപകുമാർ, ഉപദേശക സമിതി പ്രസിഡന്റ് സുഷമ രാജീവ്, സെക്രട്ടറി വേണുക്കുട്ടൻ എന്നിവരും നിരവധി സംഘടനകളും സ്വീകരണം നൽകി. ഭക്തജനങ്ങൾ നിറപറയും നിലവിളക്കും വച്ച് രഥ ഘോഷയാത്രയെ സ്വീകരിച്ചു. തകഴി ക്ഷേത്രത്തിലെ പ്രഭാത ഭക്ഷണത്തിനും ആനപ്രമ്പാൽ ക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനും ശേഷം രാത്രിയിൽ കവിയൂർ ക്ഷേത്രത്തിൽ വിശ്രമിക്കും. ഇന്ന് മണിമലക്കാവിൽ എത്തിച്ചേരും. മണിമലക്കാവിലെ ആഴി പൂജയ്ക്ക് ശേഷം 11ന് സംഘം എരുമേലിയിൽ എത്തും.