കോട്ടയം: കേരളത്തിന്റെ തനത് വേഷം ധരിച്ച് നിലവിളക്കിനും നിറപറയ്ക്കും ചുറ്റുമായി മലയാളി മങ്കമാർ കൈകൊട്ടി പാടി. തിരുവാതിരക്കളി കാണുന്നതു തന്നെ കുളിർമയാണ്. പണ്ടൊക്കെ ഒരു ഗ്രാമത്തിലെ സ്ത്രീകൾ ഏതെങ്കിലും തറവാട്ടു മുറ്റത്ത് ഒത്തു ചേർന്നായിരുന്നു തിരുവാതിര ആഘോഷിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തിൽ ആഘോഷം ചില ശിവക്ഷേത്രങ്ങളിൽ മാത്രമായി ഒതുങ്ങി.
ധനുമാസ തിരുവാതിരയുടെ പ്രാധാന്യം ഒട്ടും ചോർന്നുപോകാതെ ആ പാരമ്പര്യം കാത്തു സൂക്ഷിക്കാൻ വീണ്ടും ഒത്തുചേരുകയാണ് അരീപ്പറമ്പിലെ ശ്രീപാർവ്വതി തിരുവാതിര കളി സംഘം. ആധുനിക കാലത്തെ തിരക്കുകൾക്കിടയിലും തിരുവാതിര കളിക്കായി സമയം കണ്ടെത്തുകയും ആഘോഷത്തിന്റെ തനിമ നഷ്ടപ്പെടാതെ അവർ കാത്തു സൂക്ഷിക്കുകയും ചെയ്യുന്നു.
തിരുവാതിരപ്പാട്ടുകളെ കീർത്തനങ്ങളിലൂടെയും സന്ധ്യാനാമങ്ങളിലൂടെയും കോർത്തിണക്കി അവയ്ക്ക് പുതിയ രാഗവും ഭാവവും താളവും പകർന്ന് ഭക്തിയുടെ നൂതന ആസ്വാദനത്തിലേക്ക് കാഴ്ചക്കാരെ ആനയിക്കാൻ ശ്രമിക്കുകയാണ് ഈ സംഘം. മണർകാട് സെന്റ് മേരീസ് കോളേജ് അദ്ധ്യാപികയും എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ മഞ്ജുഷ സി.ജി യാണ് ഇതിന് നേതൃത്വം നല്കുന്നത്. തിരുവാതിര ആശാഠിയായ അരീപ്പറമ്പ് കണ്ണശ്ശാമ മംത്തിൽ കാർത്ത്യായനി അമ്മയുടെ ശിഷ്യരാണ് ഇവരിൽ പലരും. അരീപ്പറമ്പ് മഹാദേവൻമാരുടെ ആറാട്ടായ ധനുമാസത്തിൽ തിരുവാതിരയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് തിരുവാതിര കളി. തിരുവാതിര നാളിൽ തങ്ങളുടെ പുതിയ താള ഭാവങ്ങൾ അരങ്ങത്ത് അവതരിപ്പിക്കാനുള്ള കഠിന പ്രയ്‌തനത്തിലാണ് ഇവർ.
ഫോട്ടോ : മഞ്ജുഷയുടെ നേതൃത്വത്തിൽ നടക്കുന്ന തിരുവാതിര കളി പരിശീലനം