ഏഴാച്ചേരി: ആചാരപ്പെരുമയിൽ ആലങ്ങാട്ട് സംഘം ഏഴാച്ചേരി കാവിൻപുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ കാണിക്കിഴി സമർപ്പിച്ചു. പേട്ട പുറപ്പാട് നടത്തുന്ന ആലങ്ങാട്ട് സംഘം വഴി മധ്യേ കാണിക്കിഴി സമർപ്പിക്കുന്ന ഏക ക്ഷേത്രമാണിത്. ഇന്നലെ രാവിലെ 8 മണിയോടെയാണ് അയ്യപ്പ ചൈതന്യം ആവാഹിച്ച ഗോളകയുമായി ആലങ്ങാട്ട് സംഘം കാവിൻപുറം ക്ഷേത്രത്തിലെത്തിയത്. കാവിൻപുറം ദേവസ്വം ഭരണസമിതി അംഗങ്ങളായ ടി.എൻ.സുകുമാരൻ നായർ, പി. എസ്. ശശിധരൻ, ചന്ദ്രശേഖരൻ നായർ പുളിക്കൽ, തങ്കപ്പൻ കൊടുങ്കയം , ത്രിവിക്രമൻ നായർ , ജയചന്ദ്രൻ വരകപ്പിള്ളിൽ, വിജയകുമാർ ചിറയ്ക്കൽ, ആർ. സുനിൽകുമാർ എന്നിവർ ചേർന്ന് ആലങ്ങാട്ട് സംഘത്തെ വരവേറ്റു. മേൽശാന്തി വടക്കേൽ ഇല്ലം നാരായണൻ നമ്പൂതിരി അയ്യപ്പ ചൈതന്യത്തിനു മാല ചാർത്തി കർപ്പൂരമുഴിഞ്ഞു. രാജേഷ് കുറുപ്പ് , ഷൺമുഖൻ, സന്തോഷ്, സുന്ദരേശൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ ആലങ്ങാട്ട് സംഘം ശരണംവിളിയോടെ വലിയമ്പലം ചുറ്റി, ഉമാമഹേശ്വര സന്നിധിയിൽ കാണിക്കിഴി സമർപ്പിച്ച് തൊഴുതു പ്രാർത്ഥിച്ചു. മേൽശാന്തി സംഘാംഗങ്ങൾക്ക് പ്രസാദം വിതരണം ചെയ്തു. തുടർന്ന് അയ്യപ്പ ചൈതന്യത്തിനു മുന്നിൽ പറ നിറച്ച ഭക്തർ, സ്വയം അയ്യപ്പന് നീരാജനവുമുഴിഞ്ഞു. ആലങ്ങാട്ട് സംഘം ഭക്ത്യാദരപൂർവ്വം കൊണ്ടുവരുന്ന അയ്യപ്പ ചൈതന്യം ആവാഹിച്ച ഗോളകയ്ക്കു മുന്നിൽ ഭക്തർ നേരിട്ട് നീരാജനമുഴിയുന്ന അനുഷ്ഠാനവും കാവിൻപുറം ക്ഷേത്രത്തിൽ മാത്രമേയുള്ളൂ. ശബരിമല യാത്രയ്ക്ക് പോകാൻ കഴിയാത്തവർക്കും സ്ത്രീകളായ ഭക്തർക്കും അയ്യപ്പ ചൈതന്യത്തിന് മുന്നിൽ നേരിട്ട് നീരാജനമുഴിയാൻ ലഭിക്കുന്ന അസുലഭ അവസരമാണിത്. കാവിൻപുറത്തെ പ്രാതലിനു ശേഷമാണ് ആലങ്ങാട്ട് സംഘം പേട്ട കെട്ടിനുള്ള യാത്ര തുടർന്നത്. പയപ്പാർ, നെച്ചിപ്പുഴൂർ, പോണാട്, പാലാ ളാലം, മുരിക്കുമ്പുഴ ക്ഷേത്രങ്ങളിലും ആലങ്ങാട്ട് സംഘം ദർശനം നടത്തി.