jose-k-mani

കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ ചിഹ്നവും വിപ്പുമനുവദിക്കാൻ പാർട്ടി ജില്ല പ്രസിഡന്റുമാർക്ക് അധികാരം നൽകണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് എം ജോസ് വിഭാഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. രണ്ടില ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ പരിശോധനയിലാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ചിഹ്നം അനുവദിക്കുന്നതിനും വിപ്പ് നൽകുന്നതിനും പാർട്ടി ചെയർമാൻ കെ.എം. മാണി 2018 ഫെബ്രുവരി രണ്ടിന് ജില്ലാ പ്രസിഡന്റുമാരെയും ചുമതലപ്പെടുത്തിയ നടപടി തുടരണം. ഈ തീരുമാനത്തിന് വിപരീതമായി പി.ജെ. ജോസഫെടുത്ത നടപടികളും, തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനമാനങ്ങളും വിപ്പും സംബന്ധിച്ച ശ്രമങ്ങളും കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ അന്തിമ തീരുമാനം വരുന്നതുവരെ പരിഗണിക്കരുതെന്നും ജോസ് ആവശ്യപ്പെട്ടു. എം.പിമാരായ ജോസ് കെ. മാണി, തോമസ് ചാഴികാടൻ, എം.എൽ.എമാരായ ഡോ. എൻ. ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ ഒപ്പിട്ട ഹർജിയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നൽകിയത്.