കോട്ടയം: കാലീത്തീറ്റ വിലവർദ്ധനവിന് പിറകേ പശുക്കളിലെ അജ്ഞാതരോഗവും ക്ഷീരകർഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കുന്നു. ചിക്കൻപോക്സു പോലെ ശരീര ഭാഗങ്ങളിൽ കുരുക്കൾ പ്രത്യക്ഷപ്പെടുന്നതാണ് കന്നുകാലികളെ ബാധിച്ച പുതിയ രോഗം. ഈ കുരുക്കൾ പെട്ടെന്ന് വ്രണമായി മാറന്നു. ഏതാനും ദിവസങ്ങൾക്കുള്ളിൽ പശുക്കൾക്ക് നടക്കാനാവാതെ വരുന്നു. പാൽ ഉത്പാദനവും കുറയും. രോഗം മൂർച്ഛിക്കുന്നതോടെ ആഹാരവും വെള്ളവും കഴിക്കില്ല . ശരീരമാസകലം നീരുവെച്ച് കാലികൾ ചാകുന്ന സ്ഥിതി ഉണ്ടാവും. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലാണ് രോഗബാധ കൂടുതൽ കാണുന്നത്. മലിനജലമാണ് രോഗ കാരണമായി പറയുന്നത്. മൃഗസംരക്ഷണ വകുപ്പിന് രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല.
കാലിത്തീറ്റ വില വർദ്ധനവിൽ നടുവൊടിഞ്ഞിരിക്കുന്ന കർഷകരെ അജ്ഞാതരോഗം വല്ലാതെ ബുദ്ധിമുട്ടിലാക്കിയിരിക്കയാണ്. 50 കിലോ കാലിതീറ്റയ്ക്ക് മിൽമയും കേരള ഫീഡ്സും മൂന്നു മാസത്തിനുള്ളിൽ നാലു തവണയായി 290 രൂപ വരെ വർദ്ധിപ്പിച്ചു. മിൽമ നൽകിയിരുന്ന സബ്സിഡി ഡിസംബറോടെ നിറുത്തി. 925 രൂപയ്ക്കു ലഭിച്ചിരുന്ന കാലിത്തീറ്റക്ക് ഇപ്പോൾ 1240 രൂപയായി. സ്വകാര്യ കാലിത്തീറ്റ വില 900 ൽ നിന്ന് 1350 രൂപയായി .അസംസ്കൃത വസ്തുക്കളുടെ വില കൂടിയതാണ് കാലിത്തീറ്റ വില വർദ്ധനവിന് കാരണമായി മിൽമ പറയുന്നത്. ഒരു വർഷം മുമ്പ് 850 രൂപയായിരുന്ന പരുത്തി പിണ്ണാക്കിന് 1450 രൂപയും 900 രൂപയുടെ ഗോതമ്പ് തൊലിയ്ക്ക് 1250 രൂപയുമായി. വൈക്കോലിനും പുല്ലിനും പുറമേ ഒരു പശുവിന് ഒരു ദിവസം പത്തു കിലോഗ്രാം കാലിത്തീറ്റ വേണം. പാൽവില സെപ്തംബറിൽ ലിറ്ററിന് നാലു രൂപ വർദ്ധിപ്പിച്ചിരുന്നു. കർഷകർക്ക് ഇതിൽ 3.35 രൂപ ലഭിച്ചു. എന്നാൽ ഒരു കിലോ കാലിത്തീറ്റയുടെ വില 5.80 രൂപയാണ് വർദ്ധിച്ചത്.
പാൽ വില വർദ്ധിച്ചപ്പോൾ കിട്ടിയത് 3.35 രൂപ
ഒരു കിലോ കാലിത്തീറ്റയ്ക്ക് കൂടിയത് 5.80 രൂപ
കർഷകർ നേരിടുന്നത്
കാലിത്തീറ്റയ്ക്ക് മൂന്നു മാസത്തിനുള്ളിൽ വർദ്ധിപ്പിച്ചത് 290 രൂപ
50 രൂപ വിപണി വിലയുള്ള പാലിന് കർഷകർക്ക് കിട്ടുന്നത് 36 രൂപ
കാലിത്തീറ്റ സബ്സിഡി മിൽമ ഡിസംബറിൽ നിറുത്തി
കന്നുകാലികളിൽ ഇപ്പോൾ കണ്ടെത്തിയ അജ്ഞാതരോഗം
പശുവളർത്തൽ കൊണ്ട് പ്രയോജനമില്ലാതായി. ചെലവ് കൂടുതലും വരവ് കുറവുമാണ്. ഇതിന് പുറമേയാണ് സംരക്ഷിക്കാനുള്ള കഷ്ടപ്പാടും. പാൽ വില കൂട്ടിയതു കൊണ്ട് പ്രയോജനമില്ല .കാലിത്തീറ്റ വില കുറയ്ക്കുകയോ സർക്കാർ സബ്ഡിഡി നൽകുകയോ ചെയ്താലേ ഈ തൊഴിലിൽ പിടിച്ചു നിൽക്കാൻ കഴിയൂ .
തോമസ് തെക്കുംഗോപുരം, ക്ഷീരകർഷകൻ