കോട്ടയം: അഞ്ചാമത് കേരള ചരിത്ര കോൺഗ്രസിന് മഹാത്മാഗാന്ധി സർവകലാശാലയിൽ തുടക്കമായി. സർവകലാശാല അസംബ്ലി ഹാളിൽ ഫ്രാൻസിലെ വി.എസ്.എൽ. സർവകലാശാല സാമൂഹികശാസ്ത്ര വിഭാഗം ഡയറക്ടർ പ്രൊഫ. കപിൽ രാജ് ഉദ്ഘാടനം നിർവഹിച്ചു. ചരിത്രഗവേഷണം വ്യത്യസ്ത വൈജ്ഞാനിക മേഖലകളുമായി സമന്വയിപ്പിക്കണമെന്നും ഭാഷയുടെയും സംസ്‌കൃതികളുടെയും അതിർവരമ്പുകൾ ഭേദിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്ര കോൺഗ്രസ് പ്രസിഡന്റ് ഡോ. രാജൻ ഗുരുക്കൾ അദ്ധ്യക്ഷത വഹിച്ചു. എം.ജി. സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ് വിജ്ഞപ്തി പ്രഭാഷണം നടത്തി. ജവഹർലാൽ നെഹ്റു സർവകലാശാലയിലെ അദ്ധ്യാപിക പ്രൊഫ. ആർ. മഹാലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ചരിത്ര കോൺഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ ചരിത്രകാരൻ പ്രൊഫ. കേശവൻ വെളുത്താട്ടിനെ ഡോ. രാജൻ ഗുരുക്കൾ ആദരിച്ചു. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. എ. ജോസ്, രജിസ്ട്രാർ പ്രൊഫ. കെ. സാബുക്കുട്ടൻ, പ്രൊഫ. എം.എച്ച്. ഇല്ല്യാസ്, ഡോ. എൻ. ഗോപകുമാരൻ നായർ, കെ.എ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു. മാദ്ധ്യമം, സാഹിത്യം, കല, സിനിമ, വായ്മൊഴി, വംശം, ലിംഗം തുടങ്ങിയ വിവിധ മേഖലകളെ ഉൾക്കൊള്ളിച്ച് 14 വ്യത്യസ്ത സെഷനുകളായി മൂന്നുറിലധികം പ്രബന്ധങ്ങൾ അവതരിപ്പിക്കും. 750 പ്രതിനിധികൾ പങ്കെടുക്കുന്നു. 11ന് സമാപിക്കും.