എരുമേലി: ഗ്രാമപഞ്ചായത്തിലെ എരുത്വാപ്പുഴ പട്ടികവർഗ്ഗ കോളനി നിവാസികൾക്ക് ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സർക്കാരിന്റെ വിവിധ സേവനങ്ങൾ നേരിട്ട് ലഭ്യമാക്കും. കോളനിയുടെ സമഗ്ര വികസനം ലക്ഷ്യമിടുന്ന പ്രവർത്തനങ്ങൾക്ക് രൂപം നൽകുന്ന ഏകദിന പരിപാടിയിൽ കളക്ടർക്കൊപ്പം വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികളും ജീവനക്കാരും പങ്കെടുക്കും. സംയോജിത പട്ടികവർഗ വികസന പ്രോജക്ട് ഓഫീസ്, റവന്യൂ, ഭൂഗർഭ ജലവിഭവം, കൃഷി, മൃഗസംരക്ഷണം, പൊതുവിതരണം, പൊതുമരാമത്ത്, വിദ്യാഭ്യാസം, സാമൂഹ്യനീതി തുടങ്ങിയ വകുപ്പുകളുടെയും ജല അതോറിറ്റി, കെ.എസ്.ഇ.ബി, അക്ഷയ തുടങ്ങിയ സ്ഥാപനങ്ങളുടെയും സേവനം കോളനി നിവാസികൾക്ക് ലഭ്യമാക്കും. കോളനിയിലെ 78 കുടുംബങ്ങളിൽ അർഹരായവർക്ക് റേഷൻ കാർഡ്, ഗ്യാസ് കണക്ഷൻ, വികലാംഗ സർട്ടിഫിക്കറ്റ് എന്നിവ നൽകും. ആധാർ കാർഡ് എടുക്കുന്നതിനും തെറ്റ് തിരുത്തുന്നതിനും അവസരമൊരുക്കും. പരിപാടിയോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് വീടില്ലാത്ത 11 പേരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചു. പഠനം മുടങ്ങിയ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ തിരികെ എത്തിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും. കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമൊരുക്കും. ജില്ലാ കളക്ടറുടെ ചേബറിൽ ചേർന്ന ആലോചനാ യോഗത്തിൽ എ.ഡി.എം അലക്‌സ് ജോസഫ്, ഡെപ്യൂട്ടി കളക്ടർ ടി.കെ. വിനീത്, അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടെസ് പി.മാത്യു, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ സി. വിനോദ് കുമാർ, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസർ വിധുമോൾ, ട്രൈബൽ ഓഫീസർ നിസാർ തുടങ്ങിയവർ പങ്കെടുത്തു.