nh-adimali

അടിമാലി: ദേശിയപാതയിൽ സീബ്രാ ലൈനുകൾ മാഞ്ഞത് കാൽനടയാത്രികരെ വലക്കുന്നു.തലങ്ങും വിലങ്ങും പായുന്ന വാഹനങ്ങൾക്കിടയിലൂടെ ജീവൻ പണയംവച്ചാണ്യാത്രക്കാർ റോഡ് മുറിച്ചു കടക്കുന്നത്.സർക്കാർ ഹൈസ്‌ക്കൂൾ പരിസരം,സെന്റർ ജംഗ്ഷൻ,ബസ് സ്റ്റാൻഡ് ജംഗ്ഷൻ,താലൂക്കാശുപത്രി ജംഗ്ഷൻ, അപ്‌സര കുന്ന് കവല തുടങ്ങിയ ഇടങ്ങളിലായിരുന്നു അടിമാലി ടൗണിൽ സീബ്രാലൈനുകൾ ഉണ്ടായിരുന്നത്.ദിനം പ്രതി ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ടൗണിൽ സീബ്രാലൈനുകൾ പൂർണ്ണമായി മാഞ്ഞു പോയത് കാൽനടയാത്രികർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

ഏറ്റവും തിരക്കേറിയ സെന്റർ ജംഗ്ഷനിൽ നിന്നും സർക്കാർ ആശുപത്രിയിലേക്കെത്താൻ റോഡ് മുറിച്ചു കടക്കണമെങ്കിൽ രോഗികൾ നല്ല നേരം നോക്കണം.മുൻകാലങ്ങളെ അപേക്ഷിച്ച് അടിമാലി ടൗണിലെത്തുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ട്.സീബ്രാലൈനുകൾ മാഞ്ഞതോടെ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്ന കാൽനടയാത്രക്കാരെ വാഹന മോടിക്കുന്നവർ ഗൗനിക്കാറേയില്ല.അടിമാലി സർക്കാർ ഹൈസ്‌ക്കൂളിന് മുമ്പിൽ വിദ്യാർത്ഥികൾ ഏറെ പണിപ്പെട്ടാണ് പാത മുറിച്ച് കടക്കുന്നത്.പ്രായമായവർ പാത മുറിച്ച് കടക്കമ്പോൾ പലപ്പോഴും തലനാരിഴക്കാണ് അപകടം ഒഴിവായി പോകുന്നത്.രാവിലെയും വൈകിട്ടും റോഡ് മുറിച്ചു കടക്കാൻ ട്രാഫിക് പൊലീസിന്റെ സഹായം ലഭിക്കുന്നുണ്ടെങ്കിലും ശേഷിക്കുന്ന സമയങ്ങളിൽ വര കടക്കണമെങ്കിൽ യാത്രക്കാരുടെ തലവര നന്നാകണം.