കോട്ടയം: എരുമേലി വലിയതോട്ടിലും പരിസരത്തെ കിണർ വെള്ളത്തിലും വൻതോതിൽ മനുഷ്യവിസർജ്യവും കരി ഒായിലും കലർന്നതായി പഠനറിപ്പോർട്ട്.

മാരകമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന ഈകോളി, കോളിഫോം തുടങ്ങിയ ബാക്ടീരിയകളുടെ അളവ് അനുവദനീയമായതിന്റെ 24 ഇരട്ടിവരെ വർദ്ധിച്ചു.

ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സയൻസ് നടത്തിയ പഠനത്തിലാണ് മലിനീകരണം കണ്ടെത്തിയത്. ശബരിമല തീർത്ഥാടകർ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനുമൊക്കെ ഉപയോഗിക്കുന്ന കടവ് മുതൽ മണിമലയാറിന്റെ സംഗമസ്ഥാനം വരെ അരകിലോമീറ്റർ ഇടവിട്ട് 4 സ്ഥലങ്ങളിൽ നിന്നും പരിസരത്തെ കിണറുകളിൽ നിന്നും ശേഖരിച്ച ജലസാമ്പിളുകളാണ് പരിശോധിച്ചത്. തോട്ടിലെ രണ്ട് കേന്ദ്രങ്ങളിൽ നിന്ന് ശേഖരിച്ച സാമ്പിളിൽ ടൈഫോയ്ഡിന് കാരണമാകുന്ന സാൽമോണെല്ലാ ടൈഫി എന്ന ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണ്. എല്ലാ സാമ്പിളിലും രാസമാലിന്യമായ ഫ്ലൂറൈഡിന്റെ സാന്നിദ്ധ്യവും ഗണ്യമായ തോതിലാണ്. പ്രധാന പോയിന്റു മുതൽ രണ്ട് കിലോമീറ്റർ വരെ തോട്ടിലും സമീപത്തെ 2 കിണറുകളിലെ വെള്ളത്തിലും കരി ഓയിൽ, ഗ്രീസ് എന്നിവയും എരുമേലി ടൗണിൽ നിന്ന് ഒരുകിലോമീറ്റർ താഴേയ്ക്ക് പോകുമ്പോൾ തോട്ടിലെ വെള്ളത്തിൽ ബയോളജിക്കൽ ഓക്സിജന്റെ അളവും വളരെ കൂടുതലാണ്.

മലിനീകരണകാരണം

 തോടിന്റെ കരയിൽ തീർത്ഥാടകരുടെ മലമൂത്ര വിസർജനം

 ശൗചാലയങ്ങളിലെ മാലിനജലം തോട്ടിലേക്ക് ഒഴുക്കി വിടുന്നു

 ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളിൽ നിന്നുള്ള മാലിന്യം

പരിശോധനാഫലം

(ഒരു മില്ലി ലിറ്റർ വെള്ളത്തിൽ)

► കോളിഫോം/ ഫീക്കൽ കോളിഫോം ബാക്ടീരിയ

- 2400 (അനുവദനീയപരിധി 100 )

► ഈ കോളൈ, ക്ലെബ്സിയെല്ല, വിബ്രിയോ, സാൽമോണെല്ലാ ബാക്ടീരിയ - 2400

(അനുവദനീയപരിധി -0 )

ഒരാേ ശബരിമല തീർത്ഥാടനവും കഴിയുന്തോറും ജലമലിനീകരണം വൻ തോതിൽ വർദ്ധിക്കുകയാണ്. വലിയതോട്ടിലെ ജലം മലിനവും ദുർഗന്ധപൂരിതവുമാണ്

നാരായണൻ, എരുമേലി