പാലാ:നഗരത്തിലും ഭക്ത മനസ്സുകളിലും പൂരശോഭ പകർന്ന് 10നാൾ കൊണ്ടാടിയ ളാലത്തുത്സവം ഇന്ന് ആറാട്ടോടെ സമാപിക്കും.രാവിലെ 9.30ന് കൊടിയിറക്ക് ആറാട്ട് പുറപ്പാട്.മേജർസെറ്റ് പഞ്ചവാദ്യം കീഴൂർ അനിൽ കുറുപ്പും സംഘവും.12 മുതൽ ചെത്തിമറ്റം തൃക്കയിൽ കടവിൽ ആറാട്ട്,തൃക്കയിൽ മഹാദേവ ക്ഷേത്രത്തിലും ളാലം മഹാദേവ ക്ഷേത്രത്തിലും ആറാട്ട് സദ്യ,വൈകിട്ട് 4ന് ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, ചെത്തിമറ്റത്ത് സ്വീകരണം,5ന് ളാലം പാലം ജംഗ്ഷനിൽ നാമസങ്കീർത്തന ലഹരിശ്രീരുദ്രം ഭജൻസ്, 6.30ന് ആറാട്ടെതിരേൽപ്, പെരുവനം കുട്ടൻമാരാരും സംഘവും പാണ്ടിമേളത്തിൽ വിസ്മയം തീർക്കും,10ന് ആൽത്തറ ഗണപതി ക്ഷേത്രത്തിന് മുന്നിൽ സ്വീകരണം,11ന് ക്ഷേത്ര കവാടത്തിൽ സ്വീകരണം എന്നിവയാണ് പ്രധാന പരിപാടികൾ.
നഗരത്തിൽ ഗാതാഗത നിയന്ത്രണം
പാലാ: ളാലം മഹാദേവ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവവും എതിരേൽപ് ആഘോഷങ്ങളും പ്രമാണിച്ച് ഇന്ന് വൈകിട്ട് 5 മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പാലാ പൊലീസ് അറിയിച്ചു. ളാലം പാലം മുതൽ കുരിശുപളളി വരെ ഗതാഗതം താത്കാലികമായി നടത്തിവയ്ക്കും.ഈരാറ്റുപേട്ട,തൊടുപുഴ ഭാഗങ്ങളിൽ നിന്ന് വൈക്കം, കോട്ടയം ഭാഗങ്ങളിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ബൈപാസ് വഴി പോകണം, വൈക്കം, കോട്ടയം ഭാഗങ്ങളിൽ നിന്ന് തൊടുപുഴ, ഈരാറ്റുപേട്ട ഭാഗങ്ങളിലേയ്ക്ക് പോകുന്ന വാഹനങ്ങളും ട്രാഫിക് പൊലീസിന്റെ നിർദ്ദേശം സ്വീകരിച്ച് വേണം യാത്ര തുടരാൻ.