trashari

വൈക്കം: സംസ്ഥാന സർക്കാരിൽ നിന്നും ഫണ്ടുകൾ ലഭിക്കാത്തതിനാൽ ത്രിതല പഞ്ചായത്തുൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ പ്രവൃത്തികൾ നിർത്തിവയ്ക്കുമെന്ന് ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. മോൻസ് ജോസഫ് എം. എൽ. എ. അറിയിച്ചു. ട്രഷറി സ്തംഭനത്തിനെതിരെ ആൾ കേരള ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വൈക്കം സബ് ട്രഷറി ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാസങ്ങളായി തുടരുന്ന ട്രഷറി സ്തംഭനം നിർമ്മാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കി. പൊതുമരാമത്ത് വകുപ്പിന്റെ തെറ്റായ പരിഷ്‌കാരങ്ങൾ കാരണം ചെറുകിട കരാറുകാർക്ക് തുടരാൻ കഴിയാത്ത സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു. ട്രഷറി സ്തംഭനം അവസാനിപ്പിക്കുക, കരാറുകാരുടെ കുടിശിക ഉടൻ അനുവദിക്കുക, സെക്യൂരിറ്റി കാലാവധി വർദ്ധിപ്പിച്ച നടപടി പിൻവലിക്കുക, പി. ഡബ്‌ള്യൂ. ഡി. യിൽ ഒരു കോടി രൂപ വരെയുള്ള ടാർ സപ്ലൈ പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. താലൂക്ക് പ്രസിഡന്റ് സി. യു. മത്തായി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോജി ജോസഫ്, ബെന്നി കിണറ്റുകര, ജോഷി ചാണ്ടി, റെജോ കടവൻ, ടി. എസ്. അശോകൻ എന്നിവർ പ്രസംഗിച്ചു.