കോട്ടയം: വൈക്കം ചേരും ചുവട്ടിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേർ മരിക്കാനിടയാക്കിയത് ഡ്രൈവർമാരുടെ അശ്രദ്ധയെന്ന് മോട്ടോർ വാഹന വകുപ്പ്. ഇടറോഡിൽ നിന്ന് പ്രധാന റോഡിലേയ്‌ക്ക് കയറിയ കാറിന്റെ ഡ്രൈവറും ജംഗ്‌ഷനിൽ ശ്രദ്ധിച്ച് വാഹനം ഓടിക്കാതിരുന്ന സ്വകാര്യ ബസ് ഡ്രൈവറും സംഭവത്തിൽ ഒരേ പോലെ കുറ്റക്കാരാണെന്നാണ് നിഗമനം. ജംഗ്ഷനാണ് എന്ന് തിരിച്ചറിയാനുള്ള സിഗനൽ സ്ഥാപിക്കാതിരുന്ന പൊതുമരാമത്ത് വകുപ്പിനെയും മോട്ടോർ വാഹന വകുപ്പ് കുറ്റപ്പെടുത്തുന്നു. പാലത്തിൽ കാഴ്‌ചമറച്ച് കുറ്റിക്കാട് വളർന്നു നിൽക്കുന്നുണ്ട്. പാലം ജംഗ്ഷനേക്കാൾ ഉയരത്തിലായതിനാൽ, പാലത്തിൽ കയറിയാൽ പോലും ഇരുവശത്തെയും റോഡിലെ വാഹനങ്ങൾ കാണാൻ സാധിക്കില്ല. കാർ അമിത വേഗത്തിന് ആറിടത്ത് കാമറയിൽ കുടുങ്ങിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ബസിന്റെ സ്‌പീഡ് ഗവണർ തകർന്ന നിലയിലായിരുന്നു. കോട്ടയം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും പൊതുമരാമത്ത് വകുപ്പ് അധികൃതരും ഇന്നലെ സ്ഥലം സന്ദർശിച്ചിരുന്നു.
.