വൈക്കം: ബംഗലുരു നിന്നും കാൽനടയായി ശബരിമല ദർശനത്തിന് പോകുന്ന നാലംഗ സംഘം വൈക്കം മഹാദേവ ക്ഷേത്രത്തിലെത്തി. ഗുരുസ്വാമി അനന്തുവിന്റെ നേതൃത്വത്തിൽ മനോഹർ, അമരേശ്, മുരളി എന്നിവരാണ് ഇന്നലെ വൈക്കം ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. ഡിസംബർ 16ന് ബംഗലുരുവിലെ മുത്താലിയമ്മൻ ദേവി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ച ഇവർ ഹുസൂർ ധർമ്മപുരി, സേലം കോയമ്പത്തൂർ, പാലക്കാട് വഴിയാണ് എത്തിയത്. പല്ലശ്ശന മീൻകുളത്തി ഭഗവതി ക്ഷേത്രം, കുതിരാൻമല അയ്യപ്പക്ഷേത്രം, തൃശൂർ വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, തൃപ്രയാർ, കൊടുങ്ങല്ലൂർ, ചോറ്റാനിക്കര എന്നി ക്ഷേത്രങ്ങളിൽ ദർശനം നടത്തി. വൈക്കം ക്ഷേത്രത്തിലെ ദർശനത്തിനു ശേഷം കടുത്തുരുത്തി ക്ഷേത്രത്തിലാണ് വിശ്രമം. ഇന്ന് ഏറ്റുമാനൂർ ക്ഷേത്രത്തിലേക്ക് പുറപ്പെടും. തുടർന്ന് എരുമേലി വഴി പരമ്പരാഗത കാനന പാതയിലുടെ യാത്ര 12 ന് സന്നിധാനത്തെത്തി ദർശനം നടത്തിയ ശേഷം ബസിൽ ബംഗലുരുവിലേക്ക് മടങ്ങും. ബംഗലുരുവിൽ ബിസിനസ്സുകാരായ ഇവർ കഴിഞ്ഞ 9 വർഷമായി പദയാത്രയായി ശബരിമലയിൽ ദർശനത്തിനെത്തുന്നുണ്ടങ്കിലും വൈക്കം വഴി വരുന്നത് ആദ്യമാണ്.