വൈക്കം: കൊയ്ത്തു കഴിഞ്ഞ പാടത്ത് വെള്ളം നിറച്ചതിനെ തുടർന്ന് സമീപത്തെ കൊയ്യാൻ പാകമായ നെൽകൃഷി വെള്ളത്തിൽ മുങ്ങി. വൈക്കം തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്ക് പാടശേഖരത്തിലെ കൊയ്യാറായ നെൽകൃഷിയാണ് സമീപത്തെ സി കെ എൻ പാടശേഖരത്തിൽ കൊയ്ത്തു കഴിഞ്ഞ് വെള്ളം കയറ്റിയതിനെ തുടർന്ന് വെള്ളത്തിലായത്. വെള്ളം നിറഞ്ഞ് അടിഞ്ഞ നെൽചെടികൾ കൊയ്ത്തുയന്ത്രം ഇറക്കി കൊയ്യാനാവാത്ത സ്ഥിതി വന്നതോടെ 22 ഏക്കറിലെ നെൽകൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. പ്രളയത്തിൽ വെള്ളത്തിൽ മുങ്ങി കൃഷി നശിച്ച മുണ്ടാർ അഞ്ചാം ബ്ലോക്കിലെ കർഷകർ വീണ്ടും നിലമൊരുക്കിയാണ് കൃഷി ചെയ്തത്. ഒരേക്കറിലെ കൃഷിക്ക് ഇതിനകം 24000 രൂപ മുടക്കിയതായി കർഷകനായ എൺപതിൽച്ചിറ പുരുഷോത്തമൻ പറഞ്ഞു. സഹദേവൻ മൂക്കൻചിറ,മവേലിത്തറ, റോയി മടുക്കകുഴി, ശിവദാസ് കിഴക്കേചിറ, പിടികത്തറ സജസ്റ്റൺ, പ്രിയ കിഴക്കേച്ചിറ തുടങ്ങിയവരുടെ കൃഷിയും യന്ത്രത്തിൽ കൊയ്‌തെടുക്കാനാവാത്ത വിധം അടിഞ്ഞിരിക്കുകയാണ്. ബാങ്കിൽ നിന്നു വായ്പയെടുത്തും സ്വർണം പണയം വച്ചും പലിശയ്‌ക്കെടുത്തുമൊക്കെ കൃഷിയിറക്കിയ കർഷകർക്ക് കൃഷി നാശം വലിയ പ്രഹരമായിരിക്കുകയാണ്.
കൃഷി നാശം മൂലം 10 ലക്ഷത്തോളം രൂപയുടെ നഷ്ടമാണു കർഷകർക്കുണ്ടാകും കൃഷി തുടർന്നും നടത്താൻ കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ അധികൃതർ നടപടി സ്വീകരിക്കണം
തലയാഴം മുണ്ടാർ അഞ്ചാം ബ്ലോക്ക് പാടശേഖര സമിതി സെക്രട്ടറി പി.കെ.സുധൻ പുതുക്കരി