കുമരകം: കായൽ സന്ദർശനം കഴിഞ്ഞ് കുമരകം നാലുപങ്കിലെ ഹൗസ് ബോട്ട് ടെർമിനലിൽ എത്തിയ നോബൽ സമ്മാന ജേതാവ് മൈക്കൽ ലെവിറ്റിനെയും കുടുംബത്തെയും കണ്ട് കോട്ടയം ജില്ലാ കളക്ടർ പി.കെ.സുധീർ ബാബു ഖേദം പ്രകടിപ്പിച്ചു. എന്നാൽ തന്നെ കായലിൽ തടഞ്ഞതിൽ പരാതിയില്ലെന്ന് ലെവിറ്റ് പറഞ്ഞു.
ഇന്നലെ രാവിലെ ഒമ്പതോടെ കുമരകത്ത് തിരികെ വന്നപ്പോഴാണ് കളക്ടർ അടങ്ങുന്ന സംഘം അദ്ദേഹത്തെ കണ്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചത്. കുറ്റക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയിച്ചപ്പോൾ പരാതിയില്ലെന്ന് മൈക്കൽ ലെവിറ്റ് പറഞ്ഞു. ''പണിമുടക്ക് ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് അറിഞ്ഞാണ് വന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവമായതുകൊണ്ടാണ് അപ്പോൾ അങ്ങനെ പ്രതികരിച്ചത്. ഇപ്പോൾ അങ്ങനെയില്ല. വീണ്ടും കായൽ കാണാൻ എത്തും ''- ലെവിറ്റ് പറഞ്ഞു. തുടർന്ന് അദ്ദേഹം എറണാകുളത്തേയ്ക്ക് പോയി.