കോട്ടയം: ബൈക്കുമായി കടന്ന ബി.ടെക് വിദ്യാർത്ഥി അകത്തായി. വാഗമൺ കോട്ടമല ഡിവിഷൻ സ്വദേശി കലേഷ് (18) ആണ് പിടിയിലായത്. ആലപ്പുഴയിൽ നിന്ന് മോഷ്ടിച്ച സ്കൂട്ടറുമായി വാഗമൺ വഴി വരുന്നതിനിടയിലാണ് അന്ത്യൻപാറയിൽ ബൈക്ക് മറിഞ്ഞ് കിടക്കുന്നത് കണ്ടത്. തുടർന്ന് ബൈക്ക് യാത്രക്കാരനെ സഹയിക്കാനെന്ന ഭാവത്തിൽ അടുത്തുകൂടിയ കലേഷ്,​ ബൈക്കുമായി കടക്കുകയായിരുന്നു.

സി.സി.ടി.വി കാമറയിൽ യുവാവിന്റെ ചിത്രം പതിഞ്ഞിരുന്നു. അന്വേഷണത്തിനിടെ പീരുമേട് സമീപം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന ഇയാളെ പീരുമേട് പൊലീസ് തടഞ്ഞു. ബൈക്ക് ഉപേക്ഷിച്ച് ഇയാൾ ഓടി രക്ഷപ്പെട്ടെങ്കിലും തുടർഅന്വേഷണത്തിൽ മുട്ടത്ത് വച്ച് പിടികൂടുകയായിരുന്നു.

ഇതിനുമുമ്പും മുമ്പ് വാഗമൺ, ഈരാറ്റുപേട്ട, തൊടുപുഴ എന്നി സ്റ്റേഷൻ പരിധിയിൽ നിന്ന് കലേഷ് ബൈക്കുകൾ മോഷ്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആലപ്പുഴ സ്വദേശി മേരിയുടെ സ്കൂട്ടർ മോഷ്ടിച്ച് വരുന്നതിനിടെയാണ് കലേഷ് ബൈക്കുമായി കടന്നത്. ആലപ്പുഴ നോർത്ത് സ്റ്റേഷനിൽ സ്കൂട്ടർ മോഷണത്തിന് കേസ് എടുത്തിട്ടുണ്ട്. സി.ഐ.അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ് ഐ.സിനോദ്, ജോൺ സെബാസ്റ്റ്യൻ, സി. പി. ഒ മാരായ ബിജു,സുനിൽ, അനസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.