ചങ്ങനാശേരി : ജനറൽ ആശുപത്രി കേന്ദ്രീകരിച്ച് സർക്കാർ ക്രമീകരിച്ചിട്ടുള്ള 108 ആംബുലൻസിൽ മോണിറ്ററിംഗ് സംവിധാനം ഉൾപ്പടെയുള്ള സൗകര്യങ്ങളില്ലാത്തത് രോഗികളെ ബുദ്ധിമുട്ടിലാക്കുന്നു. ഓക്‌സിജൻ ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള ആംബുലൻസിൽ ബേസിക് ലൈഫ് സപ്പോർട്ട് സംബന്ധമായ പ്രഥമശുശ്രൂഷ നൽകുന്നതിൽ വൈദഗ്ദ്ധ്യം നേടിയ ഒരു സ്റ്റാഫ് നഴ്‌സിന്റെയും പൈലറ്റിന്റെയും സേവനം ലഭ്യമാണ്. എന്നാൽ, അത്യാസന്നമായി കൊണ്ടുപോകുന്ന രോഗിയുടെ ആരോഗ്യനില, പൾസ് റേറ്റ് എന്നിവ അറിയാൻ സംവിധാനമില്ല. ട്രോളിയും ഉറപ്പുള്ളതല്ലെന്ന് പരാതിയുണ്ട്. ഹൃദ്രോഗികളെയും ശ്വാസംമുട്ടൽ അനുഭവിക്കുന്നവരെയുമാണ് കൂടുതലും ചങ്ങനാശേരിയിൽ നിന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നത്.

ദിവസവും പത്തിൽ ഏറെ തവണ ഈ ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്നുണ്ട്. അതും തികച്ചും സൗജന്യമായിട്ട്. നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയെ എത്തിക്കുന്നതിന് പ്രൈവറ്റ് ആംബുലൻസുകൾ 1300 രൂപ വരെ ഈടാക്കുന്നുണ്ട്. അടിയന്തിരമായി ഒരാളെ ആശുപത്രിയിൽ എത്തിക്കേണ്ട ഏതൊരവസരത്തിലും പൊതുജനങ്ങൾക്ക് ആംബുലൻസിന്റെ സേവനം ഉപയോഗിക്കാം. എന്നാൽ മൃതദേഹം കൊണ്ടുപോകാൻ ഉപയോഗിക്കാൻ പറ്റില്ല. ഗവ.ആശുപത്രിയിൽ നിന്ന് 30 കിലോമീറ്റർ ചുറ്റളവിലുള്ള എവിടെ വേണമെങ്കിലും ആംബുലൻസ് എത്തും. 30 കിലോമീറ്റർ പരിധിയിൽ വേറെയും 108 ആംബുലൻസുകൾ ഉണ്ടാകും എന്നതിനാൽ ഒരിക്കലും രോഗിക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരില്ലെന്ന പ്രത്യേകതയുമുണ്ട്.