
കോട്ടയം : കഠിനമായ ചൂടും രാത്രിയിലെ ശൈത്യവും അപ്പർകുട്ടനാട്ടിലെ നെൽകർഷകർക്ക് തിരിച്ചടിയാകുന്നു.
ഓല കരിച്ചിൽ രോഗം പാടശേഖരങ്ങളിൽ വ്യാപിക്കുമ്പോൾ കർഷകർ ആകെ പെട്ടുപോയ അവസ്ഥയിലാണ്. പ്രളയശേഷമാണ് രോഗം വ്യാപകമായി കണ്ടുതുടങ്ങിയത്. നെൽച്ചെടികളിൽ വാട്ടവും ഇടത്തരം പ്രായമായ നെല്ലിൽ മഞ്ഞളിപ്പുമാണ് രോഗലക്ഷണങ്ങൾ. നെല്ലോലകൾ കരിഞ്ഞുണങ്ങുന്നതാണ് പ്രധാനലക്ഷണം. നെൽച്ചെടികളിൽ ഇലകളുടെ രണ്ട് അരികുകളിലും മഞ്ഞളിപ്പ് കാണപ്പെടുകയും നെല്ലോല കരിഞ്ഞുണങ്ങുകയും ചെയ്യും. ഓല കരിച്ചിൽ കാരണം 50 ശതമാനത്തിലധികം വിളനാശം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.
ബാക്ടീരിയയാണ് ഇല കരിയൽ രോഗത്തിന് കാരണം. 25 മുതൽ 34 ഡിഗ്രി വരെയുള്ള അന്തരീക്ഷ ഊഷ്മാവും 70 ശതമാനത്തിലധികം ആർദ്രതയുമുള്ള കാലാവസ്ഥയിലാണ് ഓലകരിച്ചിൽ രോഗം കണ്ട് വരുന്നത്. കോട്ടയം, ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ 36 ഡിഗ്രി വരെ അന്തരീക്ഷ ഉൗഷ്മാവ് ഉയർന്നിരുന്നു. കാലാവസ്ഥാ വ്യതിയാനവും മണ്ണിന്റെ ഘടനയിലുണ്ടായ വ്യത്യാസവുമാണ് രോഗകാരണമായി കാർഷിക വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.
പ്രാരംഭ ദിശയിൽ തന്നെ പ്രതിരോധില്ലെങ്കിൽ രോഗം പടർന്ന് പിടിക്കാൻ സാദ്ധ്യതയുണ്ട്. അപ്പർകുട്ടനാട്ടിലാണ് ആദ്യം വിത പൂർത്തിയാക്കിയത്. ഇളം പ്രായത്തിലുള്ള നെൽച്ചെടികളിൽ ഇലകരിച്ചിലിന് നടുനാമ്പ് വാട്ടം എന്ന രോഗത്തോട് സാമ്യമുണ്ട്. മഴക്കാലത്ത് രോഗം വേഗത്തിൽ വ്യാപിക്കും.
ഈച്ചയും ഇലപ്പേനും
കുട്ടനാട്ടിൽ ഞാറ് പറിച്ച് നട്ട പാടശേഖരങ്ങളിൽ ഓലചുരുട്ടൽ രോഗവും നടീൽ പൂർത്തിയാകാത്ത പാടശേഖരങ്ങളിൽ ഈച്ച,ഇലപ്പേൻ എന്നിവയും കണ്ട് തുടങ്ങിയിട്ടുണ്ട്. ഞാറ്റടിയിൽ പ്രധാനമായും കണ്ടുവരുന്നതാണ് ഇലപ്പേൻ. നെല്ലോലകളുടെ അറ്റത്തിരുന്ന് നീര് ഊറ്റിക്കുടിക്കുന്നതുകൊണ്ട് ഇളം ഓലകൾ മഞ്ഞനിറമായി തീരുമെന്നു മാത്രമല്ല ഓലകളുടെ അറ്റം ചുരുണ്ട് സൂചിപോലെ കൂർത്തിരിക്കുകയും ചെയ്യും. ഓലകളിലൂടെ കൈയോടിച്ചാൽ ഇവ കൈയിൽ പറ്റിപ്പിടിക്കുന്നതായി കാണാം. എന്നാൽ ഇതിൽ ആശങ്കപെടേണ്ടെന്ന് കൃഷി ഓഫിസറും ഈ രോഗം മഞ്ഞുകാലം വരെ തുടരുമെന്ന് കർഷകരും പറയുന്നു.
പ്രതിരോധിക്കാം
രോഗം വന്ന പാടങ്ങളിൽ സ്ട്രപ്റ്റോമൈസിൻ അല്ലെങ്കിൽ സ്ട്രപ്റ്റോമൈസിനും ടെട്രാസൈക്ലിനും അടങ്ങിയ ബാക്ടീരിയൽ നാശിനി ഏക്കറിന് 12 ഗ്രാം 100 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച് സ്‌പ്രേ ചെയ്യണം. വീണ്ടും രോഗം വന്നാൽ മാങ്കോസെബ് 2.5ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് പ്രയോഗിക്കാം. മാങ്കോ സെബ്, കാർബെഡിം, എന്നിവയടങ്ങിയ സാഫ് എന്ന കുമിൾനാശിനി ഒരാഴ്ച കഴിഞ്ഞ് തളിക്കുകയും വേണം.