ചെറുവള്ളി:ജലക്ഷാമം രൂക്ഷമാകുമ്പോൾ അതിനു പരിഹാരം കാണാൻ സർക്കാരിനും പഞ്ചായത്തിനും അപേക്ഷ നൽകി കാത്തിരിക്കാതെ ചെറുവള്ളി പബ്ലിക് ലൈബ്രറി പ്രവർത്തകർ പ്രശ്‌നത്തിന് സ്വയം പരിഹാരം കണ്ടെത്തി.വാഴൂർ വലിയതോട്ടിൽ തടയണ നിർമ്മിച്ചാണ് ജലക്ഷാമം പരിഹരിക്കാൻ ശ്രമം നടത്തിയത്.ഒഴുക്ക് നിലക്കാറായ വലിയ തോട്ടിൽ കൈലാത്തുകവലയിലാണ് തടയണ നിർമ്മിച്ചത്.മണൽ ചാക്കുകൾ നിരത്തിയാണ് തോടിന് കുറുകെ ചെക്ക് ഡാം തീർത്തത്. ഇതോടെ പരിസരത്തെ വറ്റാറായ കിണറുകളിൽ വെള്ളമെത്തുമെന്നാണ് പ്രതീക്ഷ.പ്രദേശത്തെ കൃഷിക്കും തടയണ അനുഗ്രഹമാകും.ലൈബ്രറി പ്രസിഡന്റ് എൻ. കെ. സുധാകരൻ, സെക്രട്ടറി ജിതിൻ ഗോപിനാഥ്, പ്രൊഫ.കെ. പി. സുകുമാരൻ നായർ, എം. എസ്. അജു തുടങ്ങി 50 ഓളം പ്രവർത്തകരാണ് തടയണ നിർമ്മാണത്തിന് നേതൃത്വം നൽകിയത്.