ചിറക്കടവ്: ശബരിമല തീർത്ഥാടകരുടെ ഇടത്താവളമായ മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ വിരിവച്ച് വിശ്രമിക്കുന്നതിനും മറ്റുമായി എത്തുന്ന തീർത്ഥാടകരുടെ തിരക്ക് വർദ്ധിച്ചു. ഏതാനും ദിവസങ്ങളായി ഗ്രൗണ്ടും ക്ഷേത്രമുറ്റവും ഓഡിറ്റോറിയവും ഭക്തരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. കാൽനടയായി എത്തുന്ന തീർത്ഥാടകരും ക്ഷേത്രത്തിലെത്തി വിരിവച്ച് വിശ്രമിച്ചാണ് എരുമേലിയിലേക്ക് പോകുന്നത്. അന്നദാനത്തിലും നൂറുകണക്കിന് ഭക്തർ പങ്കെടുക്കുന്നുണ്ട്.

കർണ്ണാടക ചിത്രദുർഗ്ഗ ജില്ലയിലെ മതികട്ടയിൽ നിന്നും വിവേകാനന്ദസ്വാമിയുടെ നേതൃത്വത്തിൽ എത്തിയ പതിനൊന്നംഗ സംഘത്തിന്റെ നേതൃത്വത്തിൽ ക്ഷേത്രമുറ്റത്ത് തെങ്ങിൻതൈ നട്ടു. വിശേഷാൽ പൂജകളും മറ്റും നടത്തിയശേഷമാണ് ചടങ്ങുകൾ നടന്നത്.