ardra-darsanam

വൈക്കം: മഹാദേവ ക്ഷേത്രത്തിൽ ആർദ്രാ ദർശനം ഭക്തിനി‌ർഭരമായി. ഉഷപൂജ, എതൃത്തപൂജ, തിരുവാതിര പൂജ എന്നിവയ്ക്ക് ശേഷം വൈക്കത്തപ്പന്റെ തിടമ്പ് പുറത്തേക്ക് എഴുന്നള്ളിച്ചു. വെള്ളിയിൽ നിർമ്മിച്ച കാളയുടെ പുറത്ത് ഉറപ്പിച്ച്, പട്ടുടയാടകളും കട്ടിമാലകളും കൊണ്ട് അലങ്കരിച്ച് അവകാശികളായ പത്തോളം മൂസതുമാർ മുളന്തണ്ടിലേറ്റിയ വിഗ്രഹം ക്ഷേത്രത്തിന് മൂന്നു പ്രദക്ഷിണം പൂർത്തിയാക്കി. എഴുന്നള്ളിപ്പ് കോവിലിലേക്ക് പ്രവേശിച്ചതോടെ ആർദ്ര ദർശനമായി. ആർദ്ര ദർശനത്തിനോട് അനുബന്ധിച്ച് വിശേഷാൽ പൂജകളും നിവേദ്യങ്ങളും നടത്തി. വൈക്കം മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര നാളിൽ നടക്കുന്ന എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന വാഹനത്തിനും പ്രത്യേകതയുണ്ട്. വെള്ളിയിൽ നിർമ്മിച്ച് കളയുടെ ശിരസ് അല്പം വലത്തോട് ചരിഞ്ഞതാണ്. വൈക്കം ക്ഷേത്രത്തിൽ ആർദ്രദർശനത്തിനെത്തിയ ഭഗവാന്റെ ഭക്തനായ നന്ദനാർക്ക് തിരക്ക് മൂലം ഭഗവാനെ കാണുവാൻ സാധിക്കാതെ വന്നതറിഞ്ഞ ഭഗവാൻ നന്ദനാർക്ക് കാണത്തക്കവിധം വലത്തേക്ക് തിരിഞ്ഞതായാണ് എെതീഹ്യം.