peper
ഉണങ്ങിയ കുരുമുളക്ചെടി

അടിമാലി: കുരുമുളക് വിളവെടുപ്പ് കാലം ആരംഭിക്കാറായെങ്കിലും കർഷകർ ആശങ്കയാണ്.കുരുമുളക് ചെടികൾ വ്യാപകമായി പഴുപ്പ് ബാധിച്ച് ഉണങ്ങി നശിക്കുന്നതാണ് കർഷകരെ ഏറെ ദുരിതത്തിലാക്കുന്നത്. വിലയിടിവും ഉത്പ്പാദനക്കുറവും തിരിച്ചടിയായ മാറിയ സാഹചര്യത്തിൽ കുരുമുളക് ചെടികൾക്കുണ്ടായിട്ടുള്ള രോഗബാധ കർഷകർക്ക് ഇരട്ടി പ്രഹരമാണ് ഏൽപ്പിക്കുന്നത്..കുടിയേറ്റകാലം മുതൽ ഹൈറേഞ്ചിലെ പ്രധാന കൃഷി വിളയാണ് കുരുമുളക്.മുൻകാലങ്ങളിൽ കുരുമുളകിന്റെ വിളവെടുപ്പ് കർഷകർക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു.എന്നാൽ കാലാവസ്ഥാ വ്യതിയാനവും രോഗബാധയും മൂലം കറുത്തപൊന്നും പതിയെ ഹൈറേഞ്ചിന്റെ നിന്നും പടിയിറങ്ങുകയാണ്.ചെടിയിൽ തിരിയിടുന്ന സമയത്ത് വേണ്ട രീതിയിൽ മഴ ലഭിക്കാതിരുന്നതിനാൽ ഉത്പാദനത്തിൽ ഗണ്യമായ ഇടിവുണ്ടായി.തിരിയിട്ടതിന് ശേഷം ഉണ്ടായ ശക്തമായ മഴയ കുരുമുളക് തിരികൾ വ്യാപകമായി കൊഴിഞ്ഞ് പോകുന്നതിനും ഇടവരുത്തി.ഉത്പാദന കുറവിനൊപ്പം വിലയിടിവും കർഷകർക്ക് നിരാശ നൽകുന്നു.

750 രൂപക്ക് മുകളിൽ ഉണ്ടായിരുന്ന കുരുമുളകിന്റെ വില ഇപ്പോൾ 500 രൂപയിലും താഴെയാണ്.ഇതോടൊപ്പമാണ് വിളവെടുക്കും മുമ്പെ ചെടികൾ പഴുപ്പ് ബാധിച്ച് വ്യാപകമായി കരിഞ്ഞുണങ്ങുന്നത്.വിലയിടിവും രോഗബാധയും മൂലം കുരുമുളക് കൃഷി ഉപേക്ഷിക്കേണ്ട സാഹചര്യമാണുള്ളതെന്ന് കർഷകർ പറയുന്നു.കുരുമുളക് കർഷകരെ സഹായിക്കാൻ സർക്കാർ ഇടപെടൽ വേണമെന്നാണ് പൊതുവായി ഉയരുന്ന ആവശ്യം. വിലയിടിവിനും ഉത്പാദനകുറവിനുമൊപ്പം രോഗബാധ കണ്ടെത്തുന്നതിനും പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിനും കൃഷിവകുപ്പിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഹൈറേഞ്ചിൽനിന്ന് കുരുമുളക് പാടെ പടിയിറങ്ങും.