വൈക്കം: കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സ്യമേഖലയിൽ നടപ്പാക്കുവാൻ പോകുന്ന പുതിയ നയപരിപാടികൾ മത്സ്യമേഖലയിൽ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും പദ്ധതി നടപ്പാക്കും മുമ്പ് മത്സ്യത്തൊഴിലാളി സംഘടനകളുമായി ചർച്ച നടത്തണമെന്നും ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി. ദിനകരൻ പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ച് ധീവരസഭ ജില്ലാ കമ്മിറ്റി നടത്തിയ വൈക്കം താലൂക്ക് ഓഫീസ് മാർച്ചും കൂട്ടധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരദേശ പരിപാലന നിയമം മത്സ്യത്തൊഴിലാളികളുടെ തൊഴിലിനെയും, ജീവിതത്തെയും ബാധിക്കാത്ത തരത്തിൽ ഭേദഗതി ചെയ്യണം. മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണം ഫിഷറീസ് വകുപ്പു വഴി നടപ്പാക്കണമെന്നും മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് ക്ഷേമനിധിയിൽ അംഗത്വം നൽകണമെന്നും ദിനകരൻ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. കെ. രാജു, സംസ്ഥാന വൈസ് പ്രസിഡന്റ് എ. ദാമോദരൻ, കെ. വി. മനോഹരൻ, മഹിളാ സഭ സംസ്ഥാന പ്രസിഡന്റ് ഭൈമി വിജയൻ, കെ. കെ. അശോക് കുമാർ, കെ. എസ്. കുമാരൻ, മഹിളാ സഭ ജില്ലാ പ്രസിഡന്റ് സുലഭ പ്രദീപ്കുമാർ, സെക്രട്ടറി സൗമ്യ ഷിബു, വി. എം. ഷാജി എന്നിവർ പ്രസംഗിച്ചു.