കോട്ടയം : പ്രളയനിയന്ത്രണത്തിന് പരിസ്ഥിതി ആഘാതം ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് 'ഫ്‌ളഡ് ആന്റ് ഫ്യൂറി'യുടെ രചയിതാവും പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ബി. വിജു അഭിപ്രായപ്പെട്ടു. എം.ജി സർവകലാശാലയിൽ നടന്നുവരുന്ന അഞ്ചാമത് ചരിത്ര കോൺഗ്രസിൽ പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണർത്തുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ ആശങ്കാജനകമാണ്. നദികളെ പുഷ്ടിപ്പെടുത്താൻ പശ്ചിമഘട്ട പ്രദേശത്തിന് സവിശേഷ ശ്രദ്ധ നൽകി സംരക്ഷിക്കേണ്ടതുണ്ട്. . കേരളത്തിലെ 35 ശതമാനം വനപ്രദേശവും നാടായി മാറി. കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പാറമടകളുടെ പ്രവർത്തനം കർശനമായി നിയന്ത്രിക്കണം.
മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങളെക്കുറിച്ച് ഓഡിറ്റ് നടത്തണം. അവശേഷിക്കുന്ന വനപ്രദേശം സംരക്ഷിക്കുവാൻ ആദിവാസി സമൂഹത്തെ ശാക്തീകരിക്കണം. വയനാട്ടിലെ 'വഞ്ചിവയൽ' മാതൃകകൾ മറ്റിടങ്ങളിൽ പുനഃസൃഷ്ടിക്കണം. ജൈവകൃഷിക്ക് ഊന്നൽ നൽകണം - വിജു പറഞ്ഞു.
ആദിവാസി സമൂഹത്തെ മുഖ്യധാരാ ചരിത്ര-സാഹിത്യ നിർമ്മിതിയിലേക്ക് ഉൾക്കൊള്ളിക്കാനുള്ള ശ്രമങ്ങൾ അനിവാര്യമാണെന്ന് അഞ്ചാമത് ചരിത്ര കോൺഗ്രസിലെ പ്രത്യേക സെഷൻ അഭിപ്രായപ്പെട്ടു.
ആദിവാസികൾക്ക് ഭരണഘടന നൽകുന്ന അവകാശങ്ങൾ അട്ടിമറിക്കപ്പെടുന്നതിനാൽ ആ സംസ്‌കൃതികളും അറിവുകളും നാമാവശേഷമായികൊണ്ടിരിക്കുന്നു. ഇവയെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ടിസ്സിന്റെ ഇടപെടൽ. ആദിവാസികളുടെ കാഴ്ചപ്പാടിലൂടെ പാരമ്പര്യ വൈജ്ഞാനികധാരകളെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തണമെന്നും ആവശ്യമുയർന്നു.
എം.ജി. സർവകലാശാലയിലെ ഗാന്ധിയൻ സ്റ്റഡീസിലെ അദ്ധ്യാപികയും അഞ്ചാമത് ചരിത്ര കോൺഗ്രസിന്റെ ലോക്കൽ സെക്രട്ടറിയുമായ കെ.എ. മഞ്ജുഷ, ടിസ്സിൽ നിന്നുമെത്തിയ പ്രൊഫ. വിർജിനിയസ് സാസാ, പ്രൊഫ. ബിപിൻ ജോജോ, പ്രൊഫ. അലക്‌സ് അഖുപ്പ, പ്രൊഫ ബംഗ്യ ബുഖ്യ എന്നിവർ സംസാരിച്ചു.
സമാപന ദിവസമായ ഇന്ന് മഹാത്മാഗാന്ധിജിയെക്കുറിച്ചുള്ള പ്രത്യേക സെഷനിൽ പ്രൊഫ. രാകേഷ് ബദാബ്യാൽ, പ്രൊഫ. അബ്ദുൾ റസാഖ്, ഡോ. രേഖരാജ് എന്നിവരും കേരള ചരിത്രവും സമകാലിക കേരളവും എന്ന വിഷയത്തിൽ ഡോ. കെ.എൻ. ഗണേഷ്, ഡോ.ടി. ടി. ശ്രീകുമാർ, ഡോ. കെ.എസ്. മഹാദേവൻ എന്നിവരും പ്രബന്ധാവതരണം നടത്തും. പ്രൊഫ. വി. കാർത്തികേയൻ നായർ, ഡോ. കെ.എസ്. മാധവൻ എന്നിവർ വിവിധ സെഷനുകളിൽ മോഡറേറ്റർമാരാകും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രോ വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ മുഖ്യാതിഥിയാകും. പ്രൊഫ. രാകേഷ് ബട്ടബ്യാൽ മുഖ്യപ്രഭാഷണം നടത്തും.