plastic-ban

കോട്ടയം: ഈ നഗരത്തിൽ എന്തുസംഭവിച്ചാലും ചോദിക്കാനും പറയാനും ആരുമില്ലെന്ന് കരുതരുത്. പ്ലാസ്റ്റിക് നിരോധനവും ശുചീകരണമൊക്കെ കൃത്യമായി പുലർന്നുകാണണമെന്ന് ആഗ്രഹിക്കുന്ന കുറച്ചുപേരെങ്കിലും ഇനിയുമിവിടെ ബാക്കിയുണ്ട്.അവർ ഏഴുപേർ ഇന്നലെ പ്ലക്കാർഡുകളുമേന്തി നഗരത്തിലിറങ്ങി. ആദ്യം മുനിസിപ്പൽ ഓഫീസിലെത്തി അദ്ധ്യക്ഷയെ കണ്ട് ചർച്ച നടത്തി. കാലങ്ങളായി മനസിൽ കൊണ്ടുനടക്കുന്ന സ്വപ്നനഗരത്തെക്കുറിച്ച് ഓരോരുത്തരും ചെയർപേഴ്സൺ ഡോ.പി.ആർ സോനയോട് വാചലമായി സംസാരിച്ചു. നഗരസഭ നടപ്പിലാക്കുന്ന എല്ലാ ക്രിയാത്മക പദ്ധതികൾക്കും പൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് സംഘം മടങ്ങിയത്.

അൻപതും അറുപതുമൊക്കെ പിന്നിട്ടവരും ഒരുപാട് ജീവിതാനുഭവങ്ങൾ കൈമുതലായിട്ടുള്ളവരുമായിരുന്നു സംഘംഗങ്ങൾ. അതുകൊണ്ടുതന്നെ ചർച്ച കൊണ്ടുമാത്രം പ്രശ്നപരിഹാരമാകില്ലെന്ന മുൻകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ നേരത്തെ തയ്യാറാക്കി വച്ചിരുന്ന പ്ലക്കാർഡുകളുമേന്തി ഏഴുപേരും നഗരത്തിലേക്കിറങ്ങി. പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനൊപ്പം വ്യാപാരികളുടെ സഹകരണവും അഭ്യർത്ഥിച്ച് കടകളിൽ കയറിയിറങ്ങി. വിവിധ സർക്കാർ സർവീസുകളിൽ ദീർഘകാലം പ്രവർത്തിച്ച് പെൻഷൻ പറ്റിയവരും, വാർദ്ധക്യത്തിലേക്ക് കാലൂന്നിയ കർഷകരും സ്വയം തൊഴിൽ സംരംഭകരും അഭിഭാഷകനുമടങ്ങിയ സംഘത്തിന്റെ നിശബ്ദവിപ്ലവം നഗരവാസികൾക്ക് കൗതുകത്തിനൊപ്പം ചെറുപ്പക്കാരെ ആഴത്തിൽ ചിന്തിപ്പിക്കുന്നതുമായിരുന്നു. ആക്ടീവ് സോഷ്യൽ അസോസിയേഷൻ എന്ന വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അണിചേർന്നവരാണ് സംഘത്തിലുള്ളത്. കഴിഞ്ഞദിവസം തിരുനക്കര ബസ് സ്റ്റാന്റിചത സമീപം പേപ്പർബാഗുകളുടെ സൗജന്യവിതരണവും ഇവർ സംഘടിപ്പിച്ചിരുന്നു. വാട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഫിലിപ്പ്, ഹാ‌ർഡ് വെയർ വ്യാപാരി മോഹനക്കുറുപ്പ്, പൊതുപ്രവർത്തകൻ അനസാബി, റിട്ട. കോളേജ് പ്രൊഫ.അപ്പുക്കുട്ടൻ, കർഷക പ്രതിനിധികളായ എ.കെ. സേവ്യർ, രഞ്ജിത്ത് ജോർജ്, അഡ്വ. കുര്യൻ എന്നിവരാണ് സപ്തജനസംഘത്തിലുണ്ടായിരുന്നത്.