കോട്ടയം: കെവിൻ വധക്കേസിലെ പ്രതികളെ ശിക്ഷിച്ച കോടതി വിധിയിൽ എസ്.ഐ എം.എസ് ഷിബുവിനെതിരെ പരാമർശമില്ല. ഇക്കാര്യം ഡി.ജി.പി യെ ധരിപ്പിച്ചതോടെ ഗാന്ധിനഗർ എസ്.ഐ ആയിരുന്ന ഷിബുവിനെ സർവീസിൽ തിരിച്ചെടുത്തു. തത്കാലം ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കെവിൻ കേസിന്റെ പ്രാരംഭ ഘട്ടത്തിൽ വീഴ്‌ച വരുത്തിയതിനാണ് ഷിബുവിനെ സസ്പെൻഡ് ചെയ്തത്. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഗാന്ധിനഗർ സ്റ്റേഷനിലെത്തി പരാതി പറഞ്ഞ പിതാവ് ചാക്കോ, പ്രതിശ്രുത വധു നീനു എന്നിവരെ കേസെടുക്കാതെ മടക്കി അയച്ചെന്നായിരുന്നു ആക്ഷേപം.
ഷിബുവിനെയും പ്രതികളിൽ നിന്നു കൈക്കൂലി വാങ്ങിയ എ.എസ്.ഐ ടി.എം ബിജുവിനെയും പിരിച്ചുവിടാനാണ് വകുപ്പുതല അന്വേഷണം നടത്തിയ കൊച്ചി റേഞ്ച് ഐജി വിജയ് സാഖറെ ശുപാർശ ചെയ്തത്. ബിജുവിനെ പിരിച്ചുവിട്ടെങ്കിലും ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ തിരികെ എടുക്കാൻ ആഭ്യന്തര വകുപ്പ് തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ ഉയർന്ന പ്രതിഷേധത്തെത്തുടർന്ന് മുഖ്യമന്ത്രി ഇടപെട്ട് തിരിച്ചെടുക്കൽ നടപടി മരവിപ്പിച്ചു. കേസിന്റെ വിധി വന്നശേഷം ഷിബു ഡി.ജി.പിക്ക് നിവേദനം നൽകുകയായിരുന്നു.