കോട്ടയം : കോഴിക്കോട് ജില്ലയിൽ എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിൽ ഒരുതരത്തിലും ആശങ്കവേണ്ടെന്ന് ആരോഗ്യവകുപ്പ്. ഇതുവരെ ജില്ലയിൽ എവിടെയും എച്ച് വൺ എൻ വൺ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ജാഗ്രതപുലർത്തുന്നുണ്ട്. ശ്വാസകോശ സ്രവത്തിൽ നിന്ന് വൈറസിന്റെ ജനിതകഘടന വേർതിരിച്ചെടുത്താണ് രോഗബാധ സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങൾ കണ്ട് അഞ്ചു ദിവസത്തിനകം ഇതു ചെയ്യാം. ഇൻഫ്ളുവൻസ് വൈറസാണ് രോഗം പരത്തുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽ നിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. രോഗം തിരിച്ചറിയാതെ പോവുന്നതാണ് പലപ്പോഴും രോഗവ്യാപനത്തിന് ഇടയാക്കുന്നത്. അസുഖബാധിതനായ ആളിൽ നിന്ന് രണ്ടുമുതൽ ഏഴു ദിവസം വരെ ഇതു പകർന്നേക്കാം.
പനി, തൊണ്ടവേദന, ജലദോഷം, ശരീരവേദന, തലവേദന, ക്ഷീണം, തളർച്ച, ചുമ, ശ്വാസംമുട്ടൽ, വയറിളക്കം, ഛർദ്ദി എന്നിവയാണ് രോഗലക്ഷണങ്ങൾ.
പനിബാധിതരിൽ കുറവ്
കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് പനി ബാധിതരുടെ എണ്ണത്തിൽ ജില്ലയിൽ കുറവ് വന്നിട്ടുണ്ട്. ചിക്കൻപോക്സ് ജില്ലയിലുടെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിലകേന്ദ്രങ്ങളിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തെങ്കിലും ഫലപ്രദമായ ഇടപെടൽ കാരണം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.