കോട്ടയം: ഒരുലക്ഷം രൂപകൂടി കിട്ടിയാൽ ഈ 63കാരന്റെ ജീവിതാഭിലാഷം പൂവണിയും. ജീവിതത്തിൽ അവശേഷിക്കുന്ന കാലമെങ്കിലും സ്വന്തം വീട്ടിൽ അന്തിയുറങ്ങണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം. കോട്ടയം പെരുമ്പായിക്കാട് വില്ലേജിൽ കാർത്തിക എന്നൊരു മേൽവിലാസമുണ്ടെങ്കിലും മൂന്നുപതിറ്റാണ്ടിലേറെയായി വാടകവീടുകളിൽ മാറിമാറി താമസിച്ച് കാലംകഴിക്കുന്ന കെ.പി. സുരേന്ദ്രനാണ് മൂന്ന് സെന്റ് ഭൂമി സ്വന്തമാക്കണമെന്ന അടങ്ങാത്ത മോഹവുമായി വാതിൽപ്പടികൾ കയറിയിറങ്ങുന്നത്. ഇയാളുടെ അവസ്ഥ മനസിലാക്കിയ ജില്ല പഞ്ചായത്ത് ഭരണസമിതി 2 ലക്ഷംരൂപ അനുവദിച്ചെങ്കിലും മാനദണ്ഡങ്ങൾ പാലിച്ചുള്ള ഭൂമി വാങ്ങാൻ ഈ തുക തികയില്ല. കാളികാവിൽ സെന്റിന് 1 ലക്ഷംരൂപ മാർക്കറ്റ് വിലയുള്ള 4 സെന്റ് സ്ഥലം 3 ലക്ഷത്തിന് നൽകാമെന്ന് ഒരാൾ സമ്മതിച്ചിട്ടുണ്ട്. ജില്ലാപഞ്ചായത്ത് അനുവദിച്ച 2 ലക്ഷത്തിനൊപ്പം ആരെങ്കിലുമൊക്കെ സഹായിച്ച് 1 ലക്ഷം കൂടി കിട്ടിയാൽ അതുവാങ്ങാം. ''ആധാര ചെലവിനുള്ള പണം കൈവശമുണ്ട്. മുമ്പ് മൈക്ക് സെറ്റ് ഓപ്പറേറ്റർ ആയിരുന്നു. അന്നത്തെ സമ്പാദ്യമെല്ലാം ഭാര്യയുടെ ബൈപ്പാസ് സർജറിക്കും തുടർ ചികിത്സയ്ക്കുമായി ചെലവഴിച്ചു. മൂന്നുവർഷം മുമ്പ് ഭാര്യ മരിച്ചതോടെ എല്ലാം നഷ്ടമായി. മക്കൾ ഉണ്ടെങ്കിലും സുരേന്ദ്രൻ തനിച്ചാണ് താമസം. ഇനി കുറച്ചു മണ്ണുകിട്ടിയാൽ അതിലൊരു കൂരകൂട്ടി കാലംകഴിയ്ക്കാനാണ് മോഹം.ഇനിയും അലഞ്ഞുതിരിയാനുള്ള ആരോഗ്യമില്ല, മാനസികമായും ഏറെ തളർന്നു. ആരോഗ്യം അനുവദിക്കുന്നില്ലെങ്കിൽകൂടിയും ജീവൻ നിലനിറുത്തിപ്പോകാൻ ചെറിയതോതിലുള്ള കൂലിപ്പണികൾ ചെയ്യുന്നുണ്ട്, ഇനിയുള്ള കാലമെങ്കിലും സ്വന്തം കൂരയിൽ അന്തിയുറങ്ങിയിട്ട് അന്തസായി മരിക്കണം"", സുരേന്ദ്രൻ പറയുന്നു. അതിനുവേണ്ടി സുമനസുകളുടെ സഹായം തേടുകയാണ് സുരേന്ദ്രൻ. (9605758664).