കറുകച്ചാൽ: എല്ലാ വർഷവും കുടിവെള്ളപ്രശ്നം സാരമായി ബാധിക്കുന്ന പ്രദേശമാണ് കറുകച്ചാൽ. മേഖലയിലെ കിണറുകളും ജലാശയങ്ങളും പെട്ടെന്ന് വറ്റുന്നതിനാൽ ഭൂരിഭാഗം ആളുകളും കുടിവെള്ളം വിലകൊടുത്ത് വാങ്ങണ്ട സ്ഥിതിയാണ്. സമീപ പഞ്ചായത്തുകളിലെല്ലാം ജലനിധി അടക്കമുള്ള പദ്ധതികൾ ആരംഭിച്ചെങ്കിലും കറുകച്ചാൽ കേന്ദ്രീകരിച്ച് ഒരു മേജർ കുടിവെള്ള പദ്ധതിയില്ല. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള നാമമാത്രമായ പദ്ധതികൾ മാത്രമാണുള്ളത്.

 വിലകൊടുത്ത് വാങ്ങണം

കുടിവെള്ള ക്ഷാമം രൂക്ഷമായതിനാൽ മാസങ്ങളോളം വെള്ളം വിലകൊടുത്ത് വാങ്ങുന്ന ആളുകൾ കറുകച്ചാലിലുണ്ട്. ബംഗ്ലാംകുന്ന് പോലെയുള്ള ഉയർന്ന പ്രദേശങ്ങളിൽ പലപ്പോഴും വെള്ളം കിട്ടാറുമില്ല. ടാപ്പുകളും വിതരണക്കുഴലുകളും കാലപ്പഴക്കമേറിയതായതിനാൽ വെള്ളം റോഡിലൂടെ പാഴാകുകയാണ് പതിവ്. ഉയർന്ന പ്രദേശങ്ങളിലെ കിണറുകളും തോടുകളും വളരെ പെട്ടന്ന് തന്നെ വറ്റും. ടാങ്കറുകൾ, പിക്ക് അപ്പ് വാനുകൾ, ഓട്ടോറിക്ഷകൾ എന്നിവയിൽ വെള്ളം എത്തിച്ചാണ് ഇവർ ഉപയോഗിക്കുന്നത്

 ജലവിതരണവകുപ്പ് കാര്യക്ഷമമല്ല

പഞ്ചായത്തിലെ 16 വാർഡുകളിലും ജലവിതരണ വകുപ്പിന്റ പൈപ്പുലൈനുകളുണ്ട്. 221 പൊതുടാപ്പുകൾക്കായി പ്രതിമാസം 96688 രൂപയാണ് പഞ്ചായത്ത് മുടക്കുന്നത്. എന്നാൽ മാസം രണ്ടോ മൂന്നോ പ്രാവശ്യം മാത്രമാണ് വെള്ളം കിട്ടുന്നതെന്നാണ് ആക്ഷേപം

പഞ്ചായത്ത് വേനൽകാലത്ത് വെള്ളം ടാങ്കറുകളിൽ എത്തിച്ചു കൊടുക്കാറുണ്ട്. കൂടാതെ ജലവിതരണ വകുപ്പ് പ്രവർത്തനം ഊർജിതമാക്കിയാൽ പ്രശ്നത്തിന് പരിഹാരം കാണാം --

ബി. ബിജുകുമാർ,​ പഞ്ചായത്ത് പ്രസിഡന്റ്