ചങ്ങനാശേരി: മുൻസിഫ് കോടതി ശതാബ്ദി ആഘോഷ പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനവും മുതിർന്ന അഭിഭാഷകരെ ആദരിക്കലും 18ന് വൈകിട്ട് 4.30ന് അരിക്കത്തിൽ ഓഡിറ്റോറിയത്തിൽ കൂടുന്ന പൊതുസമ്മേളനത്തിൽ കേരള ഹൈക്കോടതി ജസ്റ്റിസ് എ ഹരിപ്രസാദ് നിർവഹിക്കുമെന്ന് ശതാബ്ദി ആഘോഷ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ കുര്യൻ തൂമ്പുങ്കൽ, കൺവീനർ അഡ്വ. ജോർജ് വർഗീസ് എന്നിവർ അറിയിച്ചു. 1920ൽ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ രാമവർമയാണ് മുൻസിഫ് കോടതി ചങ്ങനാശേരിയിൽ സ്ഥാപിച്ചത്. നിലവിലുള്ള കോടതി കെട്ടിടത്തിന് സമീപമുള്ള പി.ഡബ്ല്യൂ.ഡി ഓഫീസിൽ ആയിരുന്നു ആദ്യകാലത്തു കോടതി പ്രവർത്തിച്ചിരുന്നത്.
നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന മുൻസിഫ് കോടതിയുടെ ശതാബ്ദി ആഘോഷം വൻ വിജയമാക്കുവാൻ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് രൂപം നൽകിയിരിക്കുന്നത്. സെമിനാറുകൾ, പഞ്ചായത്ത് തല ചർച്ചകൾ, നിയമബോധന ക്ലാസുകൾ, അദാലത്തുകൾ, സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കായി പ്രസംഗം, ഡിബേറ്റ്, ക്വിസ് മത്സരം, അഭിഭാഷക കുടുംബസംഗമം, അഭിഭാഷകരെ ആദരിക്കൽ, ഗുരുവന്ദനം, മെഡിക്കൽ ക്യാമ്പ് തുടങ്ങി വിവിധ പരിപാടികൾ നടപ്പിലാക്കും.