വാഴൂർ: വാഴൂർ ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും 14ന് മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. വാഴൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 10ന് നടക്കുന്ന കുടുംബസംഗമത്തിൽ ഡോ.എൻ.ജയരാജ് എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലും ഭവനനിർമ്മാണത്തിൽ മികവ് കാട്ടിയ ഗ്രാമ പഞ്ചായത്തിനുള്ള അവാർഡ് ജില്ലാ കളക്ടർ പി.കെ.സുധീർ ബാബുവും വിതരണം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.എൻ.സുജിത്ത് റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പരിധിയിലെ മികച്ച ലൈഫ് നിർവഹണ ഉദ്യോഗസ്ഥനുള്ള അവാർഡ് പി.എ.യു. പ്രൊജക്ട് ഡയറക്ടർ പി.എസ്.ഷിനോ കൈമാറും. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ ,ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സംസാരിക്കും.