കോട്ടയം: നഗരത്തിൽ അലഞ്ഞുതിരിയുന്ന നിരാലംബരെ പുനരധിവസിപ്പിക്കാൻ ബോധിധർമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ പുതുവത്സര പദ്ധതി. ഇതിന്റെ ഭാഗമായി ഇന്നലെ നാഗമ്പടം മുനിസിപ്പൽ ബസ്റ്റാന്റിന് സമീപം 'സ്വാന്തന സാഗരസദസ്' എന്നപേരിൽ കൂട്ടായ്മ സംഘടിപ്പിച്ചു.

കടത്തിണ്ണകളിൽ അന്തിയുറങ്ങുന്ന സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ മുപ്പതുപേർ കൂട്ടായ്മയിൽ പങ്കെടുത്തു. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരും മാരകരോഗങ്ങൾ ബാധിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. ഊരും പേരും അറിയാത്ത അന്യസംസ്ഥാനക്കാരും തദ്ദേശിയരും ഇവർക്കിടയിലുണ്ട്. ആക്രിപെറുക്കിയും ഭിക്ഷയെടുത്തുമൊക്കെയാണ് പലരും ജീവനോപാധികൾ കണ്ടെത്തുന്നത്. കിട്ടുന്ന വരുമാനത്തിലേറെയും ചെലവഴിക്കുന്നത് മദ്യത്തിനും കഞ്ചാവിനുമൊക്കെ വേണ്ടിയാണ്. ഓരോരുത്തരോടും നേരിട്ട് സംവദിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനാണ് കൂട്ടായ്മ സംഘടിപ്പിച്ചതെന്ന് ട്രസ്റ്റ് ഭാരവാഹികൾ പറഞ്ഞു.

ഭാഷ അറിയാത്തവരുടെ പ്രതികരണം വ്യക്തമായില്ലെങ്കിലും മാതാപിതാക്കൾ നഷ്ടപ്പെട്ടതിനെത്തുടർന്ന് ചെറുപ്പത്തിൽ വീടുവിട്ടിറങ്ങിയ അമയന്നൂർ സ്വദേശിയുടെയും ഭാര്യയും മക്കളും ഉപേക്ഷിച്ചതിനെത്തുടർന്ന് തെരുവിൽ അഭയം തേടിയ പത്തനംതിട്ട സ്വദേശിയുടേയുമൊക്കെ പ്രശ്നങ്ങളിൽ ഇടപെടാനാകുമെന്നാണ് ട്രസ്റ്റിന്റെ വിലയിരുത്തൽ. കാലുകൾക്ക് ശേഷിയില്ലാത്ത അമയന്നൂർ സ്വദേശി ചക്രക്കസേരയിലിരുന്നാണ് യാത്രചെയ്യുന്നത്. ഇയാൾക്ക് പുതിയൊരു മുച്ചക്രസൈക്കിളും സ്വന്തമായി വരുമാനം കണ്ടെത്താൻ ലോട്ടറി വിൽപ്പനയ്ക്കുള്ള സൗകര്യവും ഒരുക്കിക്കൊടുക്കാനും ട്രസ്റ്റ് തീരുമാനിച്ചു. ആദ്യത്തെ ലോട്ടറിക്കുള്ള പണം ട്രസ്റ്റ് വഹിക്കും. മറ്റുള്ളവരുടെ കാര്യത്തിലും അവർ ആവശ്യപ്പെടുന്നപോലെ കഴിയുന്നത്ര സഹായിക്കാനാണ് തീരുമാനം. നിലവിൽ ഏറ്റുമാനൂർ മുതൽ ചങ്ങനാശേരി വരെ കടത്തിണ്ണകളിൽ അന്തിയുറങ്ങി ജീവിക്കുന്ന 400 ൽപരം ആളുകൾക്ക് ബോധിധർമ ചാരിറ്റബിൾ ട്രസ്റ്റ് ആഴ്ചയിൽ മൂന്നുദിവസം ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. 2021 ആകുമ്പോഴേക്കും ഇതിൽ പരമാവധി ആളുകളെ പുനരധിവസിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രസിഡന്റ് പി.എം. പ്രസന്നകുമാർ പറഞ്ഞു. നാഗമ്പടത്ത് നടത്തിയ കൂട്ടായ്മയ്ക്ക് വി.സി. സുനിൽ, ജോൺ പൂശാലിയിൽ, എൻ.കെ. സുരേഷ്, സെഞ്ചു ബി. പ്രസന്നൻ, അനീഷ് , സിദ്ധാർത്ഥൻ എന്നിവർ നേതൃത്വം നൽകി.