ചങ്ങനാശേരി:ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ സംവരണേതര ഹൈന്ദവരായ150 ഓളം സമുദായങ്ങൾക്ക് അനുവദിച്ച 10 ശതമാനം സംവരണത്തിന് സർക്കാർ വിചിത്രമായ നിബന്ധനകൾ കൊണ്ടുവന്നത് അധാർമ്മികവും വിവേചനപരവുമാണെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പ്രസ്താവനയിൽ പറഞ്ഞു.
ഒരു കുടുംബത്തിൽ ആർക്കെങ്കിലും കേന്ദ്ര - സംസ്ഥാന സർക്കാരിനു കീഴിലോ പൊതുമേഖലാസ്ഥാപനങ്ങൾ, സഹകരണ മേഖല, സർക്കാർ സഹായം വാങ്ങുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്റെയോ കേന്ദ്രസർക്കാരിന്റെയോ ഗ്രാന്റ് വാങ്ങുന്ന സ്ഥാപനങ്ങൾ എന്നിവയിലോ സ്ഥിരം ജോലിയുണ്ടെങ്കിൽ ആ കുടുംബത്തിന് സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് അർഹതയില്ലെന്നാണ് പറയുന്നത്. ഒരാൾക്ക് ജോലിയുള്ളതിനാൽ ആ കുടുംബത്തിന് സംവരണം നിഷേധിക്കുന്നത് ക്രൂരതയാണ്. അർഹതയുള്ളവർക്ക് നീതി ലഭിക്കരുതെന്ന ലക്ഷ്യമാണ് പിന്നിൽ. കേന്ദ്രസർക്കാരിന്റെ നിർദ്ദേശപ്രകാരം നടപ്പാക്കുന്ന 10 ശതമാനം സംവരണത്തിന് ഈ നിബന്ധനകളൊന്നും ബാധകമല്ല. അവിടെ നാല് ലക്ഷം രൂപയാണ് വരുമാനപരിധി. ഈ സ്ഥാനത്താണ് ഇതേ സർക്കാർ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ 10 ശതമാനം സംവരണത്തിന് അനാവശ്യ നിബന്ധനകൾ കൊണ്ടുവന്നത്. ഇക്കാര്യത്തിൽ സത്വരമായ തിരുത്തൽ വേണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.