കോട്ടയം: ഉത്സവത്തിന് എഴുന്നെള്ളിച്ച ശേഷം തളച്ചിരുന്ന കൊമ്പൻ ചരിഞ്ഞു. ചാന്നാനിക്കാട് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചാന്നാനിക്കാട് സൂര്യനാരായണൻ എന്ന ആനയാണ് ചരിഞ്ഞത്. ചെങ്ങന്നൂർ കോട്ട ഗന്ധർവമുറ്റം ക്ഷേത്രത്തിലെ എഴുന്നെള്ളത്തിനായി എത്തിച്ച കൊമ്പൻ രാവിലെ കെട്ടിയ സ്ഥലത്തു നിന്നും എഴുന്നേറ്റില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരിഞ്ഞതായി കണ്ടെത്തിയത്. ആനയ്ക്ക് പാമ്പുകടിയേറ്റതായാണ് പ്രാഥമിക നിഗമനം.
53 വയസുള്ള ബീഹാർ ആനയാണ് സൂര്യനാരായണൻ. പത്തു വർഷം മുമ്പാണ് സൂര്യനാരായണനെ ഉടമയായ ചാന്നാനിക്കാട് കുറുപ്പ് വാങ്ങുന്നത്. തുടർന്ന് മികച്ച പരിചരണം കൊണ്ട് മധ്യകേരളത്തിലെ തലയെടുപ്പുള്ള കൊമ്പന്മാരിൽ ഒരാളായി വളരുകയായിരുന്നു. മദപ്പാടിനെ തുടർന്ന് തളച്ചിരുന്ന ആനയെ പത്തു ദിവസം മുൻപാണ് അഴിച്ചത്. തുടർന്നാണ് ഉത്സവങ്ങൾക്ക് എഴുന്നള്ളിച്ചു തുടങ്ങിയത്. പത്തനംതിട്ട അസി.ഫോറസ്റ്റ് ഓഫിസർ കെ.ബി സുഭാഷിന്റെ നേതൃത്വത്തിലാണ് നടപടികൾ പൂർത്തിയാക്കിയത്. ചെങ്ങന്നൂരിൽ നിന്നും ചാന്നാനിക്കാട്ടെ ഉടമയുടെ പുരയിടത്തിലെത്തിച്ച ജഡം കോന്നി അസി.ഫോറസ്റ്റ് വെറ്റിനറി ഓഫിസർ ശ്യാം, വെറ്റിനറി സർജൻ ഡോ.സാബു സി.ഐസക്ക്, ദേവസ്വം ബോർഡിലെ വെറ്റിനറി സർജൻ ഡോ.ബിനു ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം ചെയ്‌തു. തുടർന്ന് ഉടമയുടെ പുരയിടത്തിൽ തന്നെ മറവ് ചെയ്തു.