പുതുവർഷമാരംഭിച്ച് പന്ത്രണ്ട് ദിവസത്തിനുള്ളിൽ നാൽപ്പതോളം റോഡ് അപകടങ്ങളിൽ പതിനെട്ടു പേർ മരിച്ചതിന്റെ ഞെട്ടലിലാണ് ചുറ്റുവട്ടം.

ട്രാഫിക് നിയമം ലംഘിക്കുന്നതിന്റെ ഫൈൻ നാലും അഞ്ചും ഇരട്ടിയാക്കി വർദ്ധിപ്പിച്ച് ജനങ്ങളെ പീഡിപ്പിക്കുന്നത് ഒരു വശത്തു നടത്തുന്ന അധികൃതർ സമയാ സമയങ്ങളിൽ റോഡ് അറ്റ കുറ്റ പ്പണി നടത്തുകയോ മതിയായ സൈൻ ബോർഡുകൾ സ്ഥാപിക്കുകയോ റോഡിനും പാലത്തിനും സമീപമുള്ള കാടുകൾ വെട്ടിത്തെളിക്കുകയോ ചെയ്യാത്തതാണ് അപകടം നിത്യ സംഭവമാകാൻ കാരണം. റോഡുകൾ കുരുതിക്കളമാകുന്നതിൽ രസം കൊണ്ടെന്നതുപോലെ അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്.

കാറിന് മുകളിലേക്ക് സ്വകാര്യ ബസ് ഓടിക്കയറി വൈക്കത്ത് ഒരു കുടുംബത്തിലെ നാലു പേർ മരിച്ചപ്പോൾ ഇങ്ങനെയും സംഭവിക്കുമോ എന്ന അവിശ്വാസത്തിലായിരുന്നു നാട്ടകാർ. കോട്ടയം എറണാകുളം റൂട്ടിലോടുന്ന സ്വകാര്യബസുകളുടെ മരണപ്പാച്ചിലിനെ പറ്റി പരാതി പറയാത്തവരില്ല . അമിത വേഗം കാരണം ജീവൻ കൈയ്യിലെടുത്താണ് പലരുടെയും യാത്ര. അമിത വേഗത എന്ന പരാതി ഇന്നും ഇന്നലെയും തുടങ്ങിയതല്ല .എന്നിട്ടും ഏതെങ്കിലും സ്വകാര്യ ബസിന്റെ പെർമിറ്റോ ഡ്രൈവറുടെ ലൈസൻസോ റദ്ദാക്കിയിട്ടില്ല. അപകടമുണ്ടാക്കുന്ന ബസ്ജീവനക്കാർക്ക് നാട്ടുകാർ കൈവയ്ക്കും മുമ്പ് ഇറങ്ങിയോടാൻ നല്ല മെയ് വഴക്കമാണ്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കുന്നതിനപ്പുറം കൊലയ്ക്കു കാരണക്കാരായ ജീവനക്കാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാകാറില്ല . ലൈസൻസ് റദ്ദ് ചെയ്യുന്നത് പോലും വിരളമാണ്. വേണ്ടവരെ വേണ്ടരീതിയിൽ കണ്ടാൽ വാഹനമോടിച്ച ഡ്രൈവർ മാറി പകരം ആളാകും ഡ്രൈവർ. അപകടം വരുത്തിയ ആൾ നിരപരാധിയായി അടുത്ത അപകടം ഉണ്ടാക്കാനായി സ്റ്റിയറിംഗ് കൈയ്യിലെടുക്കും. സ്വന്തം ഡ്രൈവറെ രക്ഷിക്കാനും അപകടത്തിൽ പെട്ട വാഹനം പിറ്റേന്ന് തന്നെ നിരത്തിലിറക്കാനും മിക്ക സ്വകാര്യ ബസുടമകളും നേരിട്ടു കളത്തിലിറങ്ങി ഈ കൂട്ടുകച്ചവടത്തിൽ പങ്കാളികളുമാകും.

വൈക്കത്ത് അപകടമുണ്ടായ ചേരും ചുവട് പാലം കുപ്പിക്കഴുത്ത് പോലെ വീതി കുറഞ്ഞതാണ് . കഷ്

ടിച്ച് ഒരു വലിയവാഹനം മാത്രം കടന്നു പോകാനുള്ള വീതിയേയുള്ളൂ. നാല് റോഡുകൾ ചേരുന്ന ഇവിടെ സൈൻ ബോർഡില്ല. പഴയ സൈൻ ബോർഡ് മാഞ്ഞിട്ട് നാളുകളായി . പാലവും റോഡും ഒരേ നിരപ്പിലല്ല . ഉയർന്നും താഴ്ന്നുമാണ്. വാഹനം കയറി വരുന്നത് എതിർ ദിശയിൽ നിന്നു വരുന്നവർക്ക് കാണാൻ കഴിയില്ല . പാലത്തിന് സമീപം കാടു പിടിച്ചു കിടക്കുന്നതും വാഹനങ്ങൾ മറയ്ക്കുന്നു. ഇതെല്ലാം അപകടം ക്ഷണിച്ചു വരുത്തിയ ഘടകങ്ങളായിരുന്നു. നാലുപേരുടെ ജിവൻ പൊലിഞ്ഞ അപകടം നടന്ന് ആഴ്ച ഒന്നു കഴിഞ്ഞിട്ടും കാട് വെട്ടിത്തെളിക്കാനോ പുതിയ ദിശാ ബോർഡ് സ്ഥാപിക്കാനോ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല.

ഇതേ അവസ്ഥയിലാണ് ജില്ലയിലെ മിക്ക റോഡുകളും പാലങ്ങളും. കോടിമതയിലെ നാലുവരി പാതയുടെ ഡിവൈഡറിൽ വെച്ച ചെടികൾ വളർന്നു അപകടം നിത്യ സംഭവമായിട്ടും ചെടികൾ വെട്ടിമാറ്റിയിട്ടില്ല . കുമരകം റോഡിലെ പാലങ്ങളുടെ വീതി കുറവും റോഡും പാലവും ഒരേ നിരപ്പിലല്ലാത്തതും അപകടങ്ങൾ വർദ്ധിപ്പിച്ചിട്ടും ഒരു മാറ്റവുമുണ്ടായിട്ടില്ല . റോഡുകൾ എന്നും ചോരക്കളമാക്കി നില നിർത്തുന്ന ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യാൻ തിരണ്ടി വാലുമായി ജനങ്ങൾ ഇറങ്ങേണ്ടിവരുമെന്നാണ് ചുറ്റുവട്ടത്തിന് ഓർമിപ്പിക്കാനുള്ളത്.