പാലാ: പയപ്പാർ ശ്രീധർമ്മശാസ്താ ക്ഷേത്രോത്സവത്തിനു കൊടിയേറി. ഇന്നലെ രാത്രി 8.30 ഓടെ തന്ത്രി പയ്യപ്പിള്ളി മാധവൻ നമ്പൂതിരി , മേൽശാന്തി ദേവരാജ് നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നൂ കൊടിയേറ്റ്.

കൊടിയേറ്റിനു മുന്നോടിയായി പയപ്പാർ കലാക്ഷേത്ര പണികഴിപ്പിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം നടന്നു. കലാമണ്ഡലം എക്സിക്യൂട്ടീവ് മെമ്പർ മാത്തൂർ ഗോവിന്ദൻ കുട്ടി ഊട്ടുപുര ഉദ്ഘാടനം ചെയ്തു. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പ്രസാദ് കുമാർ അമ്പാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മജീഷ്യൻ കണ്ണൻ മോന്, ചെറുവള്ളി ഇല്ലത്ത് ദാമോദരൻ നമ്പൂതിരി സ്മാരക അവാർഡ് മാത്തൂർ ഗോവിന്ദൻ കുട്ടി സമ്മാനിച്ചു. കലാക്ഷേത്ര ചെറുവള്ളി ഇല്ലം നാരായണൻ, അനിൽകുമാർ, കലാക്ഷേത്ര സി.എൻ. ശ്രീജയ ശ്രീജിത്ത്, ജയൻ എം. പടിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു. സംഗീതാ വിജയന്റെ സംഗീത സദസ്സും, വിസ്മയ പ്രദീപും സംഘവും അവതരിപ്പിച്ച നൃത്തവും അരങ്ങേറി. ഇന്ന് രാത്രി 7 ന് ക്ലാസ്സിക്കൽ ഡാൻസും, നാടോടി നൃത്തവുമുണ്ട്. 16-ാം തീയതിയാണ് ആറാട്ടുത്സവം.