
വൈക്കം: മഹാദേവക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തിൽ നടത്തുന്ന വൈക്കത്തപ്പൻ ചിറപ്പിന്റെയും കുംഭാഷ്ടമിയുടെയും ഒരുക്കങ്ങൾ തുടങ്ങി.
ഫെബ്രുവരി 4 മുതൽ 14 വരെയാണ് ചിറപ്പ് ആഘോഷം. 15 ന് കുംഭാഷ്ടമി ആഘോഷിക്കും. വൈക്കത്തപ്പന്റെയും ഉദയനാപുരത്തപ്പന്റെയും ചേർന്നുള്ള കിഴക്കോട്ടെഴുന്നള്ളിപ്പാണ് പ്രധാനം. ചിറപ്പ് ആഘോഷത്തിന്റെ പതിനൊന്ന് ദിവസങ്ങളിലും വൈക്കത്തപ്പന് ദ്രവ്യകലശവും, 12 ാം ദിവസം ഏകാദശ രുദ്രഘൃതകലശവും നടത്തും. ഏറ്റവും താന്ത്രിക പ്രാധാന്യമുള്ള ചടങ്ങാണിത്. വർഷത്തിലൊരിക്കൽ വൈക്കത്തപ്പനും ഉദയനാപുരത്തപ്പനും ചേർന്ന് ജനങ്ങളുടെ ക്ഷേമ ഐശ്വര്യങ്ങൾ കാണാൻ കള്ളാട്ടുശ്ശേരിയിലേക്ക് പുറപ്പെടുന്ന പ്രധാന ചടങ്ങാണ് കുംഭാഷ്ടമിയും കിഴക്കേട്ടെഴുന്നള്ളിപ്പും.
ആഘോഷങ്ങളുടെ നടത്തിപ്പിനുള്ള നിധി സമാഹരണം സംയുക്ത എൻ. എസ്. എസ്. കരയോഗം ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിൽ മേൽശാന്തി ടി. ഡി. നാരായണൻ നമ്പൂതിരിക്ക് തുക കൈമാറി ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് ഡി. സോമൻ കടവിൽ, സെക്രട്ടറി പി. എം. സന്തോഷ് കുമാർ, ദേവസ്വം ഹെഡ് അക്കൗണ്ടന്റ് അശോകൻ, എ. ജി. ചിത്രൻ, ടി. ആർ. സുരേഷ്, സുനിൽകുമാർ, ഗിരീഷ് ജി. നായർ എന്നിവർ പങ്കെടുത്തു.