പിഴക് :കടനാട് പഞ്ചായത്തിലെ പിഴക് വാർഡിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും നെൽകൃഷിയെ വീണ്ടെടുക്കുന്നതിനുമായി വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിലു കൊടൂർ അറിയിച്ചു. പിഴക് ബംഗ്ലാംകൂന്ന് കുടിവെള്ള പദ്ധതിക്കായി പുതിയ ചെക്ക്ഡാം നിർമ്മിക്കുന്നതിന് 45 ലക്ഷം രൂപ ഇറിഗേഷൻ വകുപ്പ് അനുവദിച്ചു. ഇതിന്റെ ടെൻഡർ നടപടികളും പൂർത്തിയാക്കി. ഈ മാസം നിർമ്മാണം ആരംഭിക്കും.150 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പിഴകിലെ കരിയിലത്തോടിന്റെ നവീകരണത്തിനായി ഇരുപത് ലക്ഷം രൂപയും ജലസേചനവകുപ്പ് അനുവദിച്ചിട്ടുണ്ട്. പിഴക് പാലം മുതൽ വെട്ടിയോലിക്കൽ പാലം വരെയാണ് മണ്ണ് നീക്കി നീരൊഴുക്ക് സുഗമമാക്കുന്നത്. പാട്ടത്തിപറമ്പ് ചാത്തൻകുഴി ഭാഗത്ത് ഉഴവൂർ നീർത്തട പദ്ധതിയുടെ ഭാഗമായി ഒൻപത് ലക്ഷം രൂപ ചെലവ് വരുന്ന ചെക്ക് ഡാമിന്റെ നിർമ്മാണം ആരംഭിച്ചു. പിഴക് പാടശേഖരത്തിനോട് ചേർന്നുള്ള തോട്ടിൽ പുതിയ ഡാമുകൾ വരുന്നതോടെ കൂടുതൽ സ്ഥലത്തേക്ക് നെൽക്കൃഷി വ്യാപിപ്പിക്കുവാൻ കഴിയും. മാനത്തൂർ പള്ളി ചെക്ക്ഡാം ,വള്ളിയിൽ ചെക്ക്ഡാം എന്നിവ നവീകരിക്കുന്നത് നിലവിലുള്ള നെൽകൃഷിക്ക് സഹായകരമാകും.